പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവൃത്തി അനിശ്ചിതത്വത്തില്‍

നീലേശ്വരം: നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജ് അനിശ്ചിതത്വത്തിലേക്ക്. കേരളത്തിന്‍െറ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ സ്വപ്ന പദ്ധതിക്കാണ് കരിനിഴല്‍ വീഴുന്നത്. നഗരസഭയിലെ പാലായിയെയും കയ്യൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. എന്നാല്‍, ഇരുഭാഗത്തെയും സ്ഥല ഉടമകളുടെ സമ്മതപത്രം ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. 1957ലെ പദ്ധതി പൊടിതട്ടിയെടുത്തത് മുന്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ കെ. കുഞ്ഞിരാമനാണ്. 2016 ജനുവരിയില്‍ ഭരണാനുമതിയും ലഭിച്ചിരുന്നു. നബാര്‍ഡിന്‍െറ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയും നടത്തി. പാലായിയിലെ എട്ടുപേരും കയ്യൂര്‍ കൂക്കോട്ടെ നാലുപേരും ഇനിയും സ്ഥലം വിട്ടുനല്‍കാനുണ്ട്. ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം. 65 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. പാലായിയിലെയും കയ്യൂരിലെയും പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ഉപ്പുവെള്ളം കുടിക്കുന്നതും ഇവരുടെ കൃഷിസ്ഥലങ്ങളില്‍ ഉപ്പുവെള്ളം കയറുന്നതുമാണ് പാലം അനിവാര്യമാക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ശുദ്ധജലം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഹോസ്ദുര്‍ഗ് താലൂക്കിലെ 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ലഭിക്കും. പാലായി കടവില്‍നിന്ന് കയ്യൂര്‍ കൂക്കോട്ട് കടവിലേക്ക് മുമ്പ് കടത്തുതോണി മാത്രമായിരുന്നു ആശ്രയം. ഇപ്പോള്‍ ഇതില്ലാതായതോടെ മറുകരയില്‍ കിലോമീറ്റര്‍ താണ്ടിയാണ് എത്തുന്നത്. ജനങ്ങളുടെ കുടിവെള്ളത്തിനും യാത്രാ ദുരിതത്തിനും അറുതിവരുത്തുന്ന പദ്ധതിക്ക് ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടിവരില്ളെങ്കിലും സ്ഥലമുടമകളുടെ ആവശ്യത്തില്‍ തീരുമാനമാകാത്തതില്‍ പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് അനിശ്ചിതത്വത്തിലാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.