കാവും മലയും കടലും കണ്ടറിഞ്ഞ് പരിസ്ഥിതി പഠനയാത്ര

പയ്യന്നൂര്‍: രാമഘടന്‍ മുതല്‍ ശ്രീകണ്ഠന്‍ വരെയുള്ള മൂഷകവംശ രാജാക്കന്മാരുടെ പാദസ്പര്‍ശമേറ്റ ചരിത്ര ഭൂമികയിലൂടെ നടന്നുനീങ്ങിയപ്പോള്‍ പുതുതലമുറയുടെ മനസ്സ് സഞ്ചരിച്ചത് നൂറ്റാണ്ടുകള്‍ക്ക് പിറകിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലേക്ക്. മലയുടെ മുകളിലത്തെി കവ്വായിക്കായലിന്‍െറ ഹരിത സൗന്ദര്യം നുകര്‍ന്നപ്പോള്‍ കടലും കായലും മലയും സമന്വയിക്കുന്ന ഇതിഹാസ ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം തിരിച്ചറിയുകയായിരുന്നു അവര്‍. കുഞ്ഞിമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ച ഏഴിമല യാത്രയാണ് കാവും കടലും മലയും തമ്മിലുള്ള പാരസ്പര്യം തിരിച്ചറിഞ്ഞ പ്രകൃതി പഠനമായി മാറിയത്. രാവിലെ ഒമ്പതിന്, ടോപ് റോഡ് ആരംഭിക്കുന്ന കുരിശുമുക്കില്‍നിന്നാണ് യാത്ര തുടങ്ങിയത്. കിലോമീറ്ററുകള്‍ നീണ്ട കാല്‍നട അവസാനിച്ചത് വൈകീട്ട് മൂന്നിന് എട്ടിക്കുളം കടപ്പുറത്ത്. യാത്രയില്‍ ഏഴിമലയുടെ ചരിത്രം പഠിപ്പിച്ചത് ഡോ. വൈ.വി. കണ്ണനായിരുന്നു. മൂഷകവംശം മാത്രമല്ല, സംഘകാല പഴംതമിഴ് കൃതികളായ അകനാനൂറിലും പുറനാനൂറിലുമൊക്കെ പരാമര്‍ശമുള്ള മൂഷിക ശൈലത്തെക്കുറിച്ച് കണ്ണന്‍ മാസ്റ്റര്‍ വിശദമായി പ്രതിപാദിച്ചു. പഠനം അവസാനിച്ചത് ഏഴിമലയെ പ്രതിരോധരംഗത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ നാവിക അക്കാദമിയില്‍. കാവിന്‍െറയും മലയുടെയും പരിസ്ഥിതി പ്രധാന്യം പഠിപ്പിക്കാനുള്ള നിയോഗം ഡോ. ഇ. ഉണ്ണികൃഷ്ണനായിരുന്നു. എട്ടിക്കുളത്ത് കടലറിവ് പകര്‍ന്നു നല്‍കാന്‍ മുന്‍ഷി അബ്ദുല്ല നേരത്തെ ബീച്ചിലത്തെിയിരുന്നു. കടപ്പുറത്ത് നാടന്‍പാട്ട്, സമൂഹ ചിത്രരചന, മൗത്ത് പെയിന്‍റര്‍ സുനിതയുടെ പ്രകൃതി ചിത്രരചന, മണല്‍ ശില്‍പ നിര്‍മാണം തുടങ്ങിയവയും ഉണ്ടായിരുന്നു. മൂന്ന് കോളജുകളില്‍നിന്ന് നൂറോളം വിദ്യാര്‍ഥികള്‍ പഠനയാത്രയില്‍ പങ്കെടുത്തു. ഡോ. സ്വരണ്‍, ഗണേഷ് കുമാര്‍ കുഞ്ഞിമംഗലം, പി.പി. രാജന്‍, ഭാസ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലയറിവും പുഴയറിവും കടലറിവും ഹൃദിസ്ഥമാക്കി പാട്ടും സര്‍ഗ പ്രകടനങ്ങളും കഴിഞ്ഞ് വൈകീട്ട് അഞ്ചോടെയാണ് യാത്രാസംഘം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.