തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ടാക്സി തര്‍ക്കം: ചര്‍ച്ച പരാജയം

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ടാക്സികള്‍ സര്‍വിസ് നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് ട്രാഫിക് പൊലീസ് വിളിച്ചുചേര്‍ത്ത അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വിസ് നടത്തിയ ഓട്ടോ ടാക്സികള്‍ മറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തടഞ്ഞതോടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലാണ് ഓട്ടോ ടാക്സികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വിസ് നടത്താന്‍ തുടങ്ങിയത്. റെയില്‍വേ അധികൃതരുടെ അനുമതിയോടെയായിരുന്നു ഇത്. ഓട്ടോ ടാക്സികള്‍ ഇവിടെ സര്‍വിസ് നടത്തുന്നതില്‍ എതിര്‍പ്പില്ളെങ്കിലും ഇവയുടെ മിനിമം വാടകയായ 150 രൂപ ഈടാക്കി സര്‍വിസ് നടത്തണമെന്നാണ് മറ്റ് ഓട്ടോ യൂനിയനുകളുടെ നിലപാട്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ യൂനിയനുകള്‍ ഒറ്റക്കെട്ടായാണ് ഓട്ടോ ടാക്സിയെ എതിര്‍ക്കുന്നത്. ബുധനാഴ്ച വൈകീട്ട് നടന്ന ചര്‍ച്ചയില്‍ എ.ഐ.ടി.യു.സിയും മറ്റ് യൂനിയനുകളും വാദങ്ങളില്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച ഫലം കാണാതെ വന്നത്. സാധാരണ ഓട്ടോ ചാര്‍ജ് ഈടാക്കി സര്‍വിസ് നടത്താമെന്ന ഉത്തരവുണ്ടെന്ന നിലപാടാണ് എ.ഐ.ടി.യു.സി നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്. എന്നാല്‍, ഈ ഉത്തരവ് തങ്ങളുടെ പക്കല്‍ ഇല്ളെന്നും അതു കിട്ടിയ ശേഷം ഓണം കഴിഞ്ഞ് പ്രശ്ന പരിഹാരം കാണാമെന്നും അതുവരെ പഴയ സ്ഥിതി തുടരണമെന്നും മോട്ടോര്‍ വാഹന അധികൃതര്‍ പറഞ്ഞെങ്കിലും എ.ഐ.ടി.യു.സി നേതാക്കള്‍ക്ക് സ്വീകാര്യമായില്ല. ഇതേതുടര്‍ന്ന് അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. എസ്.ഐമാരായ കെ.കെ. മോഹന്‍ദാസ്, കെ.വി. രാജീവന്‍ എന്നിവരും വിവിധ യൂനിയനുകളെ പ്രതിനിധാനംചെയ്ത് സി.പി. ഷൈജന്‍, പൊന്ന്യം കൃഷ്ണന്‍, എം. പ്രതാപന്‍ (എ.ഐ.ടി.യു.സി), സി.കെ. പവിത്രന്‍, ജനാര്‍ദനന്‍ (സി.ഐ.ടി.യു), പി. ജനാര്‍ദനന്‍, എന്‍.കെ. രാജീവന്‍ (ഐ.എന്‍.ടി.യു.സി), വി. ജലീല്‍ (എസ്.ടി.യു), അശോകന്‍ (ബി.എം.എസ്) തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.