കൂത്തുപറമ്പ് ടൗണിലെ പരിഷ്കരിച്ച ട്രാഫിക് സംവിധാനം നിലവില്‍വന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലെ പരിഷ്കരിച്ച ട്രാഫിക് സംവിധാനം നിലവില്‍ വന്നു. ടൗണിലും അനുബന്ധ റോഡുകളിലും സമീപ കാലത്തായി രൂക്ഷമായ വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ട്രാഫിക് സംവിധാനം പരിഷ്കരിക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചത്. നഗരസഭ, പൊലീസ്, രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ പഴയ എസ്.ബി.ടി മുതല്‍ പാലത്തുംകര വരെയുള്ള ഭാഗത്തെ മെയിന്‍ റോഡിലെ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കി. അതോടൊപ്പം കണ്ണൂര്‍ റോഡ്, തലശ്ശേരി റോഡ്, മട്ടന്നൂര്‍ റോഡുകളിലേക്കുള്ള ബസ്സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിച്ചു. ഗോകുലത്തെരു റോഡ് വണ്‍വേയാക്കി മാറ്റി ചെറുകിട വാഹനങ്ങളെ കടത്തിവിടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പരിഷ്കരണം സംബന്ധിച്ച ലഘുലേഖകള്‍ തയാറാക്കി ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത് ബോധവത്കരണ പരിപാടിക്കും തുടക്കംകുറിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ കൂത്തുപറമ്പ് സി.ഐ സി.കെ. സുരേഷ് ബാബു പരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചു. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ കെ. ധനഞ്ജയന്‍ പരിഷ്കരണ നടപടികള്‍ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.