ചൊക്ളി സമ്പൂര്‍ണ നിയമ സാക്ഷരതയിലേക്ക്

തലശ്ശേരി: ചൊക്ളി ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ നിയമ സാക്ഷരതയിലേക്ക്. സംസ്ഥാനത്തെ ആദ്യ നിയമ സാക്ഷരതാ പഞ്ചായത്താകാനുള്ള ശ്രമത്തിലാണ് ചൊക്ളി. തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വിസസ് സൊസൈറ്റിയും ചൊക്ളി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പഞ്ചായത്തിലെ ജനങ്ങളെ മുഴുവന്‍ നിയമ സാക്ഷരരാക്കുന്നതിനായി നിയമ ജ്യോതി പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍െറ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഒളവിലം നാരായണന്‍ പറമ്പില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. രാഗേഷ് അറിയിച്ചു. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എ.സി.ടി ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ. ബൈജുനാഥ് മുഖ്യാതിഥിയാകും. സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി. ജയരാജ് പദ്ധതി വിശദീകരിക്കും. ഓരോ പൗരനും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് അറിവുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉപഭോക്താക്കള്‍, കച്ചവടക്കാര്‍, വ്യവസായികള്‍, വാടകക്കാരന്‍, ഉദ്യോഗസ്ഥര്‍, യാത്രക്കാര്‍, ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അവരുടെ മേഖലയിലെ നിയമത്തെക്കുറിച്ച് ഇതിലൂടെ പ്രാഥമിക അറിവ് ലഭ്യമാക്കും. പഞ്ചായത്ത് തലത്തില്‍ രൂപവത്കരിച്ച നിയമ ജ്യോതി കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ഡുതലത്തിലും സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. കൂടാതെ വാര്‍ഡുകളില്‍ പ്രത്യേക ഗ്രാമസഭകളും വിളിച്ചുചേര്‍ത്തിരുന്നു. അഭിഭാഷകരാണ് ഗ്രാമസഭകളില്‍ ക്ളാസെടുത്തത്. ഓരോ വാര്‍ഡിലെയും 50 വീടുകള്‍ കേന്ദ്രീകരിച്ച് അയല്‍ക്കൂട്ടങ്ങള്‍ നിയമ ബോധവത്കരണ ക്ളാസുകളുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തും. ഈ മാസം പ്രവര്‍ത്തനമാരംഭിച്ച് 2017 ജനുവരിയില്‍ പഞ്ചായത്ത് സമ്പൂര്‍ണ സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും വി.കെ. രാഗേഷ് പറഞ്ഞു. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചാലും ഇതിനെ തുടര്‍ പ്രക്രിയയായി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. പുതിയ നിയമങ്ങളെക്കുറിച്ച് അറിവ് നല്‍കാന്‍ സംവിധാനമൊരുക്കും. ഗ്രാമീണ ജനങ്ങള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പഞ്ചായത്തിനകത്തുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരമാവധി ഒത്തുതീര്‍ക്കാനും ലീഗല്‍ സര്‍വിസസ് അതോറിറ്റി ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നിയമസാക്ഷരതാ കമ്മിറ്റി കണ്‍വീനര്‍ കെ.പി. രതീഷ് കുമാര്‍, അഡ്വ. പി.കെ. രവീന്ദ്രന്‍, കെ.കെ. പത്മനാഭന്‍ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.