തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

കണ്ണൂര്‍: ജില്ലയിലെ 51 തദ്ദേശ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. 41 ഗ്രാമപഞ്ചായത്ത്, ഒമ്പത് ബ്ളോക് പഞ്ചായത്ത്, ഒരു നഗരസഭ എന്നിവയുടെ വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്കാണ് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകാരം നല്‍കിയത്. ഏഴു ഗ്രാമപഞ്ചായത്തിന്‍െറയും ഒരു ബ്ളോക് പഞ്ചായത്തിന്‍െറയും വാര്‍ഷിക പദ്ധതിക്ക് നേരത്തെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. കൂത്തുപറമ്പ് നഗരസഭ, ഇരിട്ടി, ഇരിക്കൂര്‍, കൂത്തുപറമ്പ്, കല്യാശ്ശേരി, തലശ്ശേരി, പേരാവൂര്‍, എടക്കാട്, പാനൂര്‍, തളിപ്പറമ്പ് ബ്ളോക് പഞ്ചായത്തുകള്‍ എന്നിവയുടെയും 41 ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികളാണ് അംഗീകരിച്ചത്. 14ാം ധനകാര്യ കമീഷന്‍െറ ഫണ്ടില്‍ പ്രോജക്ടുകള്‍ നിര്‍ദേശിക്കുന്നതില്‍ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി രൂപവത്കരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന്‍െറയും കോ ഓഡിനേഷന്‍ കമ്മിറ്റിയുടെയും ശ്രദ്ധയില്‍പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷും അറിയിച്ചു. കൃഷി പ്രോജക്ടുകള്‍ അംഗീകരിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നിഷേധ സമീപനം സ്വീകരിക്കുന്നുവെന്ന കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പരാതിയില്‍ കൃഷി വകുപ്പ് അധികൃതരില്‍ നിന്ന് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.