പാപ്പിനിശ്ശേരി: വിദ്യാഭ്യാസ വകുപ്പില്‍ 13 വര്‍ഷത്തോളം ജോലി ചെയ്ത് ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയാണ് കല്യാശ്ശേരിയിലെ സി.പി. ബാലകൃഷ്ണന്‍ യാത്രയാവുന്നത്. 1980 മുതല്‍ 1993 വരെ വിദ്യാഭ്യാസ വകുപ്പില്‍ സ്ഥിരം ജീവനക്കാരനായിരുന്നു. എന്നാല്‍, 1993ല്‍ രോഗബാധിതനായതോടെ ബാലകൃഷ്ണന് ജോലിക്ക് പോകാന്‍ സാധിച്ചില്ല. വാതരോഗം ബാധിച്ച ഇദ്ദേഹത്തിന് ചികിത്സക്കോ ദൈനംദിന ചെലവുകള്‍ക്കോ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. ക്രമേണ ഇദ്ദേഹം മനോരോഗാവസ്ഥയിലായി. പിന്നീട് ഓഫിസില്‍ പോകുന്നതിനോ തുടര്‍ നടപടികള്‍ക്ക് അപേക്ഷിക്കുന്നതിനോ സാധിച്ചില്ല. തൊട്ടടുത്ത വീട്ടുകാര്‍ നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തിയത്. ജോലി ചെയ്ത കാലയളവിലെ ആനുകൂല്യത്തിനും പെന്‍ഷനുമായി സാമൂഹിക സംഘടനകള്‍ നിരവധി തവണ സര്‍ക്കാറിലേക്ക് അപേക്ഷകള്‍ അയച്ചു. എന്നാല്‍, ശ്വാസംവിട്ടൊഴിയുന്നതുവരെ ഇദ്ദേഹത്തിന് ആനുകൂല്യങ്ങളൊന്നും അനുവദിച്ചുകിട്ടിയില്ല. മാറിമാറിവന്ന സര്‍ക്കാറുകളുടെ കനിവ് ലഭിക്കുമെന്ന് കരുതി കാത്തിരുന്ന ബാലകൃഷ്ണന്‍െറ രോദനം ആരും കേട്ടില്ല. 69ാമത്തെ വയസ്സിലാണ് അദ്ദേഹം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ വിടപറഞ്ഞത്. ബാലകൃഷ്ണന്‍െറ ദൈന്യത സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ വര്‍ഷം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതുകണ്ട മലപ്പുറത്തെ ഒരു സംഘടന മാസം 1000 രൂപ വീതം പെന്‍ഷനും അരിയും അനുവദിച്ചു. എന്നാല്‍, മാസങ്ങള്‍ക്കകം അതും നിലച്ചു. പാതിവഴിയിലായിരുന്ന ബാലകൃഷ്ണന്‍െറ വീട് നാട്ടുകാരും പരിസരവാസികളും ഏതാനും മാസങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയാക്കി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.