കീറാമുട്ടിയായ പ്രശ്നത്തിന് പരിഹാരമാവുന്നു:മഞ്ഞോടി മത്സ്യമാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കും

തലശ്ശേരി: തിരുവങ്ങാട് മഞ്ഞോടിയില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടന്ന മത്സ്യമാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെയും യോഗത്തില്‍ ധാരണയായി. തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സില്‍ മന്ത്രിക്കു നല്‍കിയ സ്വീകരണത്തിനുശേഷം നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങള്‍ പ്രദേശത്ത് മാലിന്യപ്രശ്നം ഉണ്ടാകാത്ത തരത്തില്‍ സ്റ്റാളുകളുടെ എണ്ണത്തില്‍ കുറവുവരുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ 15ല്‍ താഴെ സ്റ്റാളുമായി മത്സ്യമാര്‍ക്കറ്റ് ആരംഭിക്കാമെന്ന് മന്ത്രി നിര്‍ദേശംവെച്ചു. ബാക്കിയുള്ള സ്റ്റാളുകളില്‍ പച്ചക്കറിയും അനുബന്ധ കച്ചവടവും നടത്തും. മുന്‍കാലത്തേതുപോലെ അഴുക്ക് നിറഞ്ഞ മത്സ്യമാര്‍ക്കറ്റല്ല ആരംഭിക്കുന്നതെന്നും എ.സി സൗകര്യമുള്ള മാര്‍ക്കറ്റുകളില്‍ പരിസര മലിനീകരണത്തിന് സാധ്യതയില്ളെന്നും മന്ത്രി വിശദീകരിച്ചു. മംഗളൂരുവില്‍നിന്ന് വരുന്ന മത്സ്യമല്ല, തലശ്ശേരിയിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയി കൊണ്ടുവരുന്ന മത്സ്യമാണ് മാര്‍ക്കറ്റിലത്തെുകയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തലശ്ശേരിയില്‍ മത്സ്യലഭ്യത കുറഞ്ഞാല്‍ കോഴിക്കോട് ഭാഗത്തുനിന്നും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍, വാഴയില്‍ ശശി, മണ്ണയാട് ബാലകൃഷ്ണന്‍, എം. ബാലന്‍, എം.പി. സുമേഷ്, കൊളക്കോട്ട് ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍ദിഷ്ട മത്സ്യമാര്‍ക്കറ്റ് മന്ത്രി സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.