കൈത്തറി ഉല്‍പന്നങ്ങള്‍ വിദേശ വിപണിയില്‍ സജീവമാക്കും –മന്ത്രി ഇ.പി. ജയരാജന്‍

കണ്ണൂര്‍: കൈത്തറി-ഖാദി ഉല്‍പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിപണി കണ്ടത്തൊന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ഇതിനായി പ്രത്യേക വിപണന മേഖല സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജൈവ കൈത്തറി ഉല്‍പന്ന പ്രദര്‍ശനവും സെമിനാറും പൊലീസ് മൈതാനിയിലെ കൈത്തറി മേളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കീടനാശിനിയുടെയും രാസവളത്തിന്‍െറയും അമിത ഉപയോഗം ആഗോള വിപത്തായി മാറിയിരിക്കുന്ന വര്‍ത്തമാന കാലത്ത് നൂലും ചായവും ഉള്‍പ്പെടെ ജൈവ അസംസ്കൃത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് വലിയ കമ്പോള സാധ്യതയുണ്ട്. മറ്റ് ഏത് ടെക്സ്റ്റൈല്‍ ഉല്‍പന്നങ്ങളോടും മത്സരിക്കാനുള്ള ശേഷി ഇപ്പോള്‍ കൈത്തറി ഉല്‍പന്നങ്ങള്‍ക്കുണ്ട്. കൂടുതല്‍ ആളുകള്‍ കൈത്തറിയിലേക്ക് ആകൃഷ്ടരാവുന്നതിന്‍െറ കാരണവുമിതാണ്. ലോകവ്യാപാര കരാര്‍ നടപ്പായതോടെ ഫാക്ടറി നിര്‍മിത വസ്ത്ര ഉല്‍പന്നങ്ങളോട് മത്സരിക്കാന്‍ കഴിയാതെ തകര്‍ന്നടിഞ്ഞ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്‍െറ ഭാഗമായി 300 കോടി രൂപയിലധികം ചെലവഴിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരു സെറ്റ് കൈത്തറി യൂനിഫോം സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചുവരുകയാണ്. ഒരു കോടി 32 ലക്ഷം മീറ്റര്‍ കൈത്തറി തുണി ഇതിനായി വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇതിന്‍െറ ഉല്‍പാദനത്തോടെ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് തുടക്കം കുറിക്കാനാവും. കൈത്തറി-ഖാദി മേഖലയിലുള്‍പ്പെടെ തൊഴിലാളികള്‍ക്ക് 600 രൂപ മിനിമം കൂലി ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയം. ഇത് നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിലൂടെ ലാഭം മാത്രമല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അനേകായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനും നാടിന്‍െറ പരമ്പരാഗത ഉല്‍പന്നങ്ങള്‍ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പ്രദര്‍ശന സുവനീര്‍ പ്രകാശനം പി.കെ. ശ്രീമതി എം.പി നിര്‍വഹിച്ചു. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഹാന്‍റ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ കെ. സുധീര്‍, കെ. രമേശന്‍, പി. ബാലന്‍, ഡി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജൈവ കൈത്തറി സെമിനാറില്‍ ഉല്‍പാദന വിപണന രീതികളെക്കുറിച്ച് കൈത്തറി ടെക്നിക്കല്‍ അഡൈ്വസര്‍ കം പ്രോജക്ട് കോഓഡിനേറ്റര്‍ ജി. സുകുമാരന്‍ നായര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.