ജില്ലാപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലംവരെ ക്ളാസുകളിലെ പഠനനിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്‍െറ സമഗ്ര വിദ്യാഭ്യാസപദ്ധതിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിക്ക് പദ്ധതിരേഖ കൈമാറി പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. അക്കാദമികരംഗത്ത് ഏറെ പിറകിലായിരുന്ന ജില്ലയിലെ പൊതു വിദ്യാലയങ്ങളെ ഇന്നുകാണുന്ന നിലവാരത്തിലേക്കുയര്‍ത്തിയതിനു പിന്നില്‍ ജില്ലാപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ മറ്റെല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതികളാണെന്ന് എം.പി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് കൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലാഭകരമല്ളെന്നതിന്‍െറ പേരില്‍ ഒരു സ്കൂള്‍പോലും അടച്ചുപൂട്ടരുതെന്നാണ് സര്‍ക്കാര്‍നിലപാട്. ഇതിനായി നിയമഭേദഗതിക്കുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ 12വരെയുള്ള ക്ളാസ് റൂമുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള വിശദ പദ്ധതിരേഖ ഉടന്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കണം. 100 സ്കൂളുകളെ ഈ വര്‍ഷം അതിനായി തെരഞ്ഞെടുക്കണം. ആവശ്യത്തിന് ശുചിമുറികള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുമ്പോള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക വിശ്രമമുറികള്‍ വിദ്യാലയങ്ങളില്‍ വേണമെന്നും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കഴിഞ്ഞ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ 100 ശതമാനം വിജയം നേടിയ 102 സ്കൂളുകള്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വിതരണം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. ബാലകൃഷ്ണന്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ജയബാലന്‍, ടി.ടി. റംല, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ഡി.ഡി.ഇ ഇന്‍ചാര്‍ജ് സി.പി. പത്മരാജ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.