കുഞ്ഞുപ്രായത്തില്‍ ശമന് ദുരിത ജീവിതം

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ആറാം വാര്‍ഡിലെ കാടമനയില്‍ രമേശ്-സുനിത ദമ്പതികളുടെ ഏകമകന്‍ നാലുവയസ്സുകാരന്‍ ശമന്‍െറ ദുരിതകഥ ആരുടെയും കരളലിയിക്കും. അധികൃതര്‍ കൊട്ടിയടച്ച വാതില്‍ തുറക്കപ്പെടുമോ എന്ന പ്രതീക്ഷ മാത്രമാണ് ഇവര്‍ക്കുള്ളത്. ജന്മനായുള്ള അംഗവൈകല്യം മരുന്നുകൊണ്ട് ഭേദപ്പെടുത്താന്‍ കഴിഞ്ഞില്ല. സംസാരവും കേള്‍വിയുമില്ല. ഇരുകാലിനും വൈകല്യം ബാധിച്ചതിനാല്‍ നിവര്‍ന്ന് നടക്കാന്‍ പറ്റുന്നില്ല. ഭക്ഷണം കഴിക്കാന്‍ അമ്മയുടെ സഹായം വേണം. ഇരുകൈക്കും പൂര്‍ണ ശക്തിയില്ല. മലമൂത്ര വിസര്‍ജനത്തിന് നിയന്ത്രണമില്ല. തൊണ്ടക്ക് ശസ്ത്രക്രിയ വേണമെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ വന്‍ തുക ചെലവാക്കി ശസ്ത്രക്രിയ നടത്തിയെങ്കിലും സംസാരശേഷി ലഭിച്ചില്ല. കാസര്‍കോട്, മംഗളൂരു, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കൊണ്ടുപോയി ചികിത്സ തേടിയതുവഴി വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായെങ്കിലും രോഗം ഭേദപ്പെട്ടില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുള്ള കുട്ടിക്ക് സര്‍ക്കാറിന്‍െറ അംഗവൈകല്യ അനുകൂല്യങ്ങളും ലഭിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മൂന്നുതവണ ക്യാമ്പുകളില്‍ എത്തിച്ചെങ്കിലും അധികൃതരുടെ ചിമ്മിയ കണ്ണ് തുറക്കപ്പെട്ടില്ല. 0.06 സെന്‍റ് ഭൂമിയില്‍ 10 വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ കുടുംബ വീട്ടിലാണ് ഇവര്‍ താമസിച്ചുവരുന്നത്. പിതാവ് കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് ദൈനംദിന ചെലവിനുപോലും തികയാത്ത സ്ഥിതിയാണ്. മകനെ പരിചരിക്കേണ്ടതിനാല്‍ മാതാവ് സുനിതക്ക് വീടുവിട്ട് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.