ചൊക്ളിയിലെ അധ്യാപക കുടുംബം കൃഷിയില്‍ പൊന്നുവിളയിക്കുന്നു

ചൊക്ളി: കാര്‍ഷിക വൃത്തിയില്‍ നൂറുമേനി കൊയ്ത് ചൊക്ളിയിലെ അധ്യാപക കുടുംബം. ചൊക്ളി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗണിതാധ്യാപകനായ കെ.എം. സുരേഷ് ബാബുവും ഭാര്യയും അധ്യാപികയുമായ കനകയും രണ്ടു മക്കളുമാണ് വീട്ടുപറമ്പില്‍ കൃഷിയിറക്കുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ ഇവരെ തേടി എത്തിയിട്ടുണ്ട്. ഇത്തവണത്തെ കര്‍ഷക ദിനത്തില്‍ ചൊക്ളി ഗ്രാമപഞ്ചായത്ത് മികച്ച കര്‍ഷകരിലൊരാളായി കെ.എം. സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ചൊക്ളി ഗ്രാമപഞ്ചായത്ത് മികച്ച കുട്ടി കര്‍ഷകയായി മകള്‍ ഋതുപര്‍ണയെ തെരഞ്ഞെടുത്തു. സ്വന്തം വീട്ടുപറമ്പിലും ബന്ധുക്കളുടെ സ്ഥലങ്ങളിലുമായാണ് കൃഷിയിറക്കുന്നത്. ഒഴിവു ദിനങ്ങളിലെ പത്തു മണിക്കൂറിലധികം സമയം കൃഷിസ്ഥലത്ത് ചെലവഴിച്ചതിന്‍െറ ഫലമാണ് മികച്ച വിളവ് ലഭിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. 20 സെന്‍റിലാണ് കരനെല്‍ കൃഷി നടത്തുന്നത്. ഇവ കൂടാതെ കയ്പ, വെണ്ട, മഞ്ഞള്‍, ഇഞ്ചി, മുളക്, കുരുമുളക്, പപ്പായ, അടയ്ക്ക, പയര്‍, വാഴ എന്നിവ കൃത്യമായ രീതിയില്‍ കൃഷി ചെയ്യുന്നു. കടകളില്‍ നിന്ന് ബാര്‍ട്ടര്‍ സമ്പ്രദായം വഴി സാധനങ്ങള്‍ വാങ്ങുന്നതിനാല്‍ ചുരുക്കം സാധനങ്ങള്‍ക്കേ വില കൊടുക്കേണ്ടി വരുന്നുള്ളൂ. ജൈവവളങ്ങളാണ് മുഴുവന്‍ കൃഷിക്കും ഉപയോഗിക്കുന്നത്. ചൊക്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. രാഗേഷ്, ചൊക്ളി കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഹായങ്ങള്‍ നല്‍കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.