സ്ഫോടനത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരമില്ല: കണ്ണൂര്‍ വിമാനത്താവളം കര്‍മസമിതി സമരത്തിലേക്ക്

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെങ്കല്ല് ശേഖരിക്കുന്നതിനായി നടത്തിയ സ്ഫോടനത്തില്‍ ക്ഷതം സംഭവിച്ച വീടുകള്‍ക്ക് ഏഴുമാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ 15 മുതല്‍ വിമാനത്താവളത്തിലേക്കുള്ള വാഹനം തടയുന്നത് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് കര്‍മസമിതി രൂപംനല്‍കി. പദ്ധതി പ്രദേശത്ത് കരങ്കല്ല് ശേഖരിക്കുന്നതിനായി ജനുവരി 28ന് വെടിമരുന്ന് ഉപയോഗിച്ചു നടത്തിയ സ്ഫോടനത്തില്‍ കല്ളേരിക്കരയിലെ പുരധിവാസ സ്ഥലത്ത് നിര്‍മിച്ച മുഴുവന്‍ വീടുകളുള്‍പ്പെടെ 600ഓളം വീടുകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. എന്നാല്‍, ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലുമായി കേവലം 218 വീടുകള്‍ക്കു മാത്രമാണ് നഷ്ടപരിഹാരം അനുവദിക്കപ്പെട്ടിരുന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ പി. ബാലകിരണും അന്നത്തെ സ്ഥലം എം.എല്‍.എ ഇ.പി. ജയരാജനും സന്ദര്‍ശിച്ച് നഷ്ടം നേരില്‍ ബോധ്യപ്പെട്ട ഒരു വീടിനും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. കാരയില്‍ ഒരു മണ്ണിര കമ്പോസ്റ്റിന് 77,796 രൂപ ലഭിച്ചപ്പോള്‍ കല്ളേരിക്കരയിലെ ഒരു വീടിന് കണക്കാക്കിയ നഷ്ടം കേവലം 165 രൂപ മാത്രമായിരുന്നു. ഇതത്തേുടര്‍ന്ന് കാര-കല്ളേരിക്കര കര്‍മസമിതി മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ മാസം 10ന് മുമ്പ് നഷ്ടപരിഹാരം നല്‍കാത്തപക്ഷം സമരരംഗത്തിറങ്ങാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.