ആ സ്നേഹത്തണലില്‍ അവര്‍ ഒത്തുചേര്‍ന്നു

കണ്ണൂര്‍: വാക്കുകള്‍ക്കുപകരം പ്രവൃത്തിയിലൂടെ പിന്തുണയേകിയവര്‍ക്കൊപ്പം സാന്ത്വനപരിചരണം ലഭിച്ചുവരുന്ന അവരത്തെി. വീല്‍ചെയറിലും മറ്റുമായാണ് ഓഡിറ്റോറിയത്തിലേക്ക് എത്തിയതെങ്കിലും തളര്‍ച്ചയോ ക്ഷീണമോ അവിടെ കടന്നുവന്നില്ല. പാട്ടുപാടിയും കലാപരിപാടികള്‍ ആസ്വദിച്ചും മണിക്കൂറുകള്‍ പോയതറിയാതെ 50ഓളം പേരാണ് ‘സ്നേഹസംഗമ’ത്തില്‍ പങ്കെടുത്തത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് എന്‍.എസ്.എസ് യൂനിറ്റുകള്‍, സ്റ്റുഡന്‍റ്സ് ഇന്‍ പാലിയേറ്റിവ് കെയറിന്‍െറ (എസ്.ഐ.പി.സി) സഹകരണത്തോടെയാണ് സാന്ത്വനപരിചരണം ലഭിച്ചുവരുന്നവരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സ്നേഹസംഗമം സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്ന വിദ്യാര്‍ഥികളായ 300ഓളം വളന്‍റിയര്‍മാരും സംഗമത്തിനത്തെിയിരുന്നു. ജീവിതത്തെ തൊട്ടുണര്‍ത്തുന്ന മൂല്യങ്ങളുള്ള വാക്കായ കൈത്താങ്ങ് എന്നത് അക്ഷരംപ്രതി നടപ്പാക്കുകയാണ് സന്നദ്ധപ്രവര്‍ത്തകരെന്ന് സംഗമത്തിനത്തെിയ അവശതകളുള്ള ഓരോരുത്തരും സാക്ഷ്യപ്പെടുത്തി. കൂടെയുണ്ട് എന്ന ഉറപ്പില്‍ തളിര്‍ത്ത ജീവിതങ്ങളായിരുന്നു ഏറെയും. ചടങ്ങിനത്തെിയ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷിനോട് അവര്‍ക്ക് ആവശ്യപ്പെടാനും ചിലതുണ്ടായിരുന്നു. പാരാപ്ളീജിയ രോഗിയായ അഴീക്കോട് സ്വദേശിക്ക് വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ അപാകതകളാണ് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. പാരാപ്ളീജിയയെയും പോളിയോയെയും ഒരേ കാറ്റഗറിയില്‍ കാണാന്‍പാടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 100 ശതമാനം വൈകല്യമുള്ള തങ്ങളെ 50 ശതമാനമെന്നു പറഞ്ഞ് തിരസ്കരിക്കുകയാണ്. ജില്ലാ മെഡിക്കല്‍ ബോര്‍ഡ് പിന്നീട് 65 ശതമാനം ആക്കിത്തന്നു. എങ്കിലും, സര്‍ട്ടിഫിക്കറ്റ് തിരസ്കരിക്കുന്നു. ഭരണതലത്തില്‍ സത്യാവസ്ഥ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യായമായ ആവശ്യമെന്നായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്‍റിന്‍െറ മറുപടി. വിഷയത്തില്‍ ഇടപെടുമെന്നും വൈകാതെ നടപടിയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അന്ധരുടെ നോട്ടുബുക്കും ചോക്കും നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് വിപണിയും സുരക്ഷിതത്വവുമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലാ ആശുപത്രിയില്‍ ഒക്ടോബറില്‍ വിപണനകേന്ദ്രം ആരംഭിക്കാന്‍ തീരുമാനമെടുത്തകാര്യം കെ.വി. സുമേഷ് അറിയിച്ചു. ജില്ലാ ആശുപത്രിയുടെ സാന്ത്വനപരിചരണ വിഭാഗത്തിന്‍െറ കീഴിലാണ് എസ്.ഐ.പി.സി പ്രവര്‍ത്തിച്ചുവരുന്നത്. ജില്ലാ കോഓഡിനേറ്റര്‍ എ.കെ. സനോജ്, നഴ്സിങ് ട്രെയ്നിങ് കോഓഡിനേറ്റര്‍ റാന്‍ഡോള്‍ഫ് വിന്‍സന്‍റ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.