കണ്ണൂരില്‍ പുതിയ ബോംബ് മാഫിയ

കണ്ണൂര്‍: ജില്ലയില്‍ ബോംബുകള്‍ ഉപേക്ഷിക്കുകയും ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്നത് പതിവായതിന്‍െറ പിന്നില്‍ സംസ്ഥാന തല ബന്ധമുള്ള ‘മാഫിയ’ ഉണ്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം 11കാരന്‍ ദേവനന്ദുവിന്, ചെണ്ടയാട്ടെ വീട്ടില്‍ ഒളിപ്പിച്ചുവെച്ച ബോംബുപൊട്ടി പരിക്കേറ്റ സംഭവം കണ്ണൂരിലെ കലാപരാഷ്ട്രീയ ചരിത്രത്തിലെ ആവര്‍ത്തനങ്ങളിലൊന്നാണെങ്കിലും ഇവിടെ പൊട്ടിയ സ്ഫോടക വസ്തു കാലപ്പഴക്കമുള്ളതും അജ്ഞാത കേന്ദ്രങ്ങളിലെ സൂക്ഷിപ്പ് കേന്ദ്രത്തില്‍നിന്ന് കടത്തിക്കൊണ്ടുവന്നതുമാണെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടത്തെി. ബോംബ് നിര്‍മാണ പരിശീലനം നല്‍കുന്ന പുതിയ ടീം അണിയറയിലുണ്ടെന്ന വിവരത്തിന്‍െറ പഴുതടച്ച അന്വേഷണത്തിലാണ് പൊലീസ്. പൊതുപണിമുടക്ക് ദിവസം ജില്ലയില്‍ മൂന്നിടത്താണ് ബോംബ് പൊട്ടിയത്. ചെണ്ടയാട്ട് 11കാരനും പേരാവൂരില്‍ കാട് വൃത്തിയാക്കുന്നതിനിടയില്‍ യുവാവിനും പരിക്കേറ്റു. ചക്കരക്കല്ലില്‍ ആര്‍ക്കും പരിക്കില്ളെങ്കിലും ബോംബ് സ്ഫോടനമുണ്ടായ സ്ഥലം പരിശോധിച്ചപ്പോള്‍ ‘സ്റ്റോക്’ തീര്‍ക്കാന്‍ പൊട്ടിച്ചു കളഞ്ഞതായിരിക്കുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ലയില്‍ ചില കേന്ദ്രങ്ങള്‍ വ്യാപകമായി ബോംബ് ശേഖരിക്കുകയോ, അതില്‍ വൈദഗ്ധ്യം നേടി മുന്നൊരുക്കം ആരംഭിക്കുകയോ ചെയ്തിട്ടുണ്ടെന്ന് സൂചന നല്‍കുന്നതാണീ അനുഭവങ്ങള്‍. 2000ത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തിനരികില്‍ കളിച്ചുകൊണ്ടിരിക്കെ ബോംബേറില്‍ പരിക്കേറ്റ് രാഷ്ട്രീയ കേരളത്തിന്‍െറ മനസാക്ഷിയെ നോവിച്ച അസ്നയുടെയും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 1998ല്‍ കല്ലിക്കണ്ടിയില്‍ ബോംബുപൊട്ടി ഇടത് കണ്ണും വലത് കൈയും നഷ്ടപ്പെട്ട തമിഴ്ബാലന്‍ അമാവാസിയുടെയും ദുരന്താനുഭവങ്ങള്‍ക്ക് സമാനമാണ് ചെണ്ടയാട്ടെ 11കാരന്‍ ദേവനന്ദുവിനുണ്ടായത്. സംഘര്‍ഷമുണ്ടാവുമ്പോള്‍ ചൂടപ്പം പോലെ ബോംബ് നിര്‍മിക്കുന്നതിന് വൈദഗ്ധ്യം നേടുന്ന രീതി ഇപ്പോഴും കണ്ണൂരില്‍ വ്യാപകമാണ്. കതിരൂരില്‍ മൂന്നുപേരാണ് 15 വര്‍ഷം മുമ്പ് നിര്‍മാണത്തിനിടെ മരിച്ചത്. ആഗസ്റ്റ് 20ന് കൂത്തുപറമ്പില്‍ ബി.ജെ.പി നേതാവിന്‍െറ മകന്‍ ദീക്ഷിത് സ്ഫോടക വസ്തു നിര്‍മാണത്തിനിടെ മരിച്ച സംഭവത്തിനു പിന്നില്‍ ബോംബ് നിര്‍മാണത്തിന് വൈദഗ്ധ്യമുള്ള പുറത്തുനിന്നുള്ള ടീമിന്‍െറ പങ്കുകൂടി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭൂമിശാസ്ത്രപരമായി പൊലീസിന് റെയ്ഡിന് എത്തിച്ചേരാന്‍ പ്രയാസമുള്ള മലയോര മേഖലകളിലാണ് നിര്‍മാണ പരിശീലനത്തിന് ചില പാര്‍ട്ടികള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെനിന്ന് പരിശീലനം നേടി ഗ്രാമങ്ങളിലത്തെി സംഘര്‍ഷവേളയില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിര്‍മാണം നടത്തുമ്പോഴുണ്ടാവുന്ന കൈപ്പിഴവിലാണ് ചില ദുരന്തങ്ങള്‍ ഉണ്ടാവുന്നതെന്നും അന്വേഷണത്തില്‍ ബോധ്യമായി. ദീര്‍ഘകാലം രാഷ്ട്രീയ കാലുഷ്യം നിലനിന്ന പാനൂര്‍ മേഖലയില്‍ ഇപ്പോഴും ചില രാത്രികളില്‍ സ്ഫോടന ശബ്ദം കേട്ടതിന്‍െറ വിവരം പൊലീസിന് കിട്ടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.