ലഹരിക്കെതിരെ പടന്ന ജാഗ്രതാ സമിതി ഭീമ ഹരജി നല്‍കും

പടന്ന: ലഹരി മാഫിയക്കെതിരെ സന്ധിയില്ലാ സമരവുമായി രംഗത്തുവന്ന പടന്ന ജാഗ്രതാ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഭീമ ഹരജി തയാറാക്കുന്നു. കഞ്ചാവ്, വിദേശമദ്യം തുടങ്ങിയ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ പിടികൂടുന്നുണ്ടെങ്കിലും നിയമത്തിലെ സാങ്കേതികത്വം കാരണം സ്റ്റേഷനില്‍നിന്ന് ജാമ്യം നേടി പ്രതികള്‍ പുറത്തിറങ്ങുകയാണ്. ചെറിയ ഇടവേളക്കുശേഷം ഇവര്‍ വില്‍പന വീണ്ടും തകൃതിയായി തുടരുന്നു. വിതരണക്കാരെ നിയന്ത്രിക്കാന്‍ ജാമ്യമില്ലാ വകുപ്പിട്ട് കേസടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുന്നത്. സമൂഹത്തിലെ നാനാതുറകളിലുള്ളവരെ സമീപിച്ച് ഒപ്പ് ശേഖരിച്ചാണ് ജാഗ്രതാ സമിതി ഹരജി തയാറാക്കുന്നത്. തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി. ബഷീര്‍, പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഫൗസിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.പി.പി. മുസ്തഫ, പി.സി. സുബൈദ, മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ ഒപ്പ് ശേഖരണത്തില്‍ പങ്കാളികളായി. ലഹരി മാഫിയ പടന്നയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയതോടെയാണ് പടന്നയിലെ ക്ളബുകളും സന്നദ്ധ സംഘടനകളും കൈകോര്‍ത്ത് പടന്ന ജാഗ്രതാ സമിതി രൂപവത്കരിച്ചത്. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നാല് കഞ്ചാവ് വില്‍പനക്കാരെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.