തൃക്കരിപ്പൂര്‍: തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്നതിനായുള്ള ഒ.ഡി.എഫ് (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ) പദ്ധതി നടപ്പാക്കുന്നതില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജില്ലയില്‍ ഒന്നാമത്. ശുചിമുറികള്‍ ഇല്ലാത്ത 125 കുടുംബങ്ങള്‍ക്ക് അവ നിര്‍മിച്ചു നല്‍കിയാണ് തൃക്കരിപ്പൂര്‍ പദ്ധതി ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നത്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ നവംബറില്‍ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാവുകയാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് ജില്ലയിലെ മൂന്ന് നഗരസഭകള്‍, 37 തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പദ്ധതി പുരോഗമിക്കുകയാണ്. കൂടുതല്‍ ശുചിമുറികള്‍ ആവശ്യമായി വന്നത് ബളാല്‍ പഞ്ചായത്തിലാണ്. 1202 വീടുകളിലാണ് ഇവിടെ ശുചിമുറികള്‍ ഇല്ലാത്തതായി സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടത്തെിയത്. ഇവിടെ 390 എണ്ണം നിര്‍മിച്ചുകഴിഞ്ഞു. പദ്ധതിയില്‍ ശുചിമുറി നിര്‍മാണത്തിന് ഏറ്റവും കുറവ് ആവശ്യം ഉണ്ടായത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിന്നാണ്. 30 വീടുകളിലാണ് ഇവിടെ ശുചിമുറി ഇല്ലാത്തതായി കണ്ടത്തെിയത്. സംസ്ഥാന തല ഒ.ഡി.എഫ് പ്രഖ്യാപനം നവംബറിലാണ് ഉണ്ടാവുകയെങ്കിലും ജില്ലയിലെ പ്രഖ്യാപനം ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ നടക്കും. സംസ്ഥാനത്താകെ 941 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ 1.9 ലക്ഷം ശുചിമുറികളാണ് പണിയുക. ഓരോ അപേക്ഷകനും സ്വച്ഛ് ഭാരത് മിഷനില്‍ നിന്നുള്ള 10,000 രൂപയും തദ്ദേശ സ്ഥാപനം വഴി 3000 രൂപയുമാണ് ശുചിമുറി പണിയാന്‍ അനുവദിക്കുന്നത്. ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്താണ് സംസ്ഥാനത്ത് ഒന്നാമതായി പദ്ധതി പൂര്‍ത്തീകരിച്ചത്. 281 കക്കൂസുകളാണ് മുഹമ്മയില്‍ പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.