ഇന്ന് ലോക നാളികേര ദിനം: എല്ലാവര്‍ക്കും വേണം, പിലിക്കോട്ടെ കുള്ളന്‍ തെങ്ങുകള്‍

ചെറുവത്തൂര്‍: ശതാബ്ദി നിറവിലത്തെിയ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന കുള്ളന്‍ തെങ്ങുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ. മൂന്നുവര്‍ഷംകൊണ്ട് കായ്ക്കുകയും അത്യുല്‍പാദനശേഷിയുമുള്ള തെങ്ങുകള്‍ തേടി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി ആവശ്യക്കാരാണ് എത്തുന്നത്. ചാവക്കാട് ഡ്വാര്‍ഫ് ഓറഞ്ച്, ചാവക്കാട് ഡ്വാര്‍ഫ് ഗ്രീന്‍, മലയന്‍ യെല്ളോ ഡ്വാര്‍ഫ് എന്നീ ഇനങ്ങളാണ് പ്രധാനമായും പിലിക്കോടുനിന്ന് വികസിപ്പിക്കുന്നത്. സങ്കരയിനം തെങ്ങിന്‍തൈകള്‍ ഉണ്ടാക്കാന്‍വേണ്ടിയാണ് പ്രധാനമായും കുള്ളന്‍ ഇനങ്ങളെ വികസിപ്പിക്കുന്നത്. നല്ല സൂര്യപ്രകാശവും ഫലപുഷ്ടിയുമുള്ള മണ്ണും ഉണ്ടെങ്കില്‍ നല്ല വിളവ് തരുമെന്നതാണ് പിലിക്കോട്ടെ സങ്കരയിനം തെങ്ങിന്‍തൈകളുടെ പ്രത്യേകത. ലോകത്തുതന്നെ ആദ്യത്തെ സങ്കരയിനം തെങ്ങായ ടി x ഡി, ഡി x ടി എന്നിവ ഉല്‍പാദിപ്പിച്ച് ശ്രദ്ധേയമായ ഗവേഷണ കേന്ദ്രമാണ് പിലിക്കോട്. കേരഗംഗ, കേരശ്രീ, ലക്ഷഗംഗ, അനന്തഗംഗ, കേരസൗഭാഗ്യ, ആയിരംകാച്ചി എന്നീ തെങ്ങിനങ്ങളും ഇവിടെനിന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാ ജൂണ്‍ മാസത്തിലുമാണ് ഇവിടെനിന്ന് കര്‍ഷകര്‍ക്കായി തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കുള്ളന്‍ ഇനങ്ങളും കര്‍ഷകരുടെ പ്രിയപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് ആവശ്യമുള്ള ഇനങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ ഈ ഗവേഷണ കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. 1916 സ്ഥാപിതമായ ഈ ഗവേഷണ കേന്ദ്രത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് നവംബര്‍ മാസത്തില്‍ തുടക്കമാകും. കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുന്ന സെമിനാറുകളാണ് ശതാബ്ദി നിറവിനെ ശ്രദ്ധേയമാക്കുക. പരിമിതമായ ഗവേഷകരെ ഉള്ളൂവെങ്കിലും അവരുടെ ആത്മാര്‍ഥ സമര്‍പ്പണം ലോക നാളികര ദിനത്തിലും പിലിക്കോടിനെ തലയുയര്‍ത്തി നില്‍ക്കാന്‍ പര്യാപ്തമാക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.