തലശ്ശേരി: തലശ്ശേരിയില്‍നിന്ന് വടകര ഭാഗത്തേക്ക് രാത്രിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബസ് യാത്ര ദുരിതമാവുന്നു. രാത്രി 9.35ന് തലശ്ശേരി കടന്നുപോവേണ്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസാണ് യാത്രക്കാര്‍ക്ക് പലദിവസങ്ങളിലും വില്ലനാവുന്നത്. എട്ട് മണിക്ക് ശേഷം ഏത് സമയത്തും തലശ്ശേരി കടന്നുപോവുന്ന ബസ് ചില ദിവസങ്ങളില്‍ ട്രിപ്പ് മുടക്കുന്നതായും യാത്രക്കാര്‍ക്ക് പരാതിയുണ്ട്. രാത്രി ഒമ്പത് മണിക്കുശേഷം ബസിനായി കാത്തുനില്‍ക്കുന്നവര്‍ക്ക് 9.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസാണ് കിട്ടുക. 9.45ന് തലശ്ശേരിയില്‍ എത്തേണ്ട ബസാണെങ്കിലും മിക്ക ദിവസങ്ങളിലും 10.15നാണ് എത്തുന്നത്. രാത്രി മണിക്കൂറുകള്‍ ബസ് കാത്തിരുന്ന് മുഷിയുകയാണ് സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടങ്ങുന്ന യാത്രക്കാര്‍. ചില ദിവസങ്ങളില്‍ ഈ ബസും ഉണ്ടാകാറില്ളെന്ന് യാത്രക്കാര്‍ ആരോപിച്ചു. ഇരിട്ടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ഫാസ്റ്റ് 10.30ന് തലശ്ശേരി കടന്നുപോയാല്‍ വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ടി.ടി 12.30നും പുലര്‍ച്ചെ 3.40ന് തൃശൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ഫാസ്റ്റുമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്ക് ആകെയുള്ളത്. ഇതിനിടയില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ദീര്‍ഘദൂര സര്‍വിസ് നടത്തുന്നുണ്ട്. രാത്രി 8.50ന് ശേഷമുള്ള ഓര്‍ഡിനറി ബസുകള്‍ വടകരക്ക് മുമ്പുള്ള സ്റ്റോപ്പുകളില്‍ സര്‍വിസ് അവസാനിപ്പിക്കുന്നത് വടകരയില്‍ നിന്ന് കണക്ഷന്‍ ബസുകള്‍ ലഭിക്കേണ്ടവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാര്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എക്ക് നിവേദനം നല്‍കാനൊരുങ്ങുകയാണ് ദുരിതമനുഭവിക്കുന്ന തലശ്ശേരിയിലെ യാത്രികര്‍. എന്നാല്‍, തലശ്ശേരിയില്‍നിന്ന് കണ്ണൂരിലേക്ക് ഈ സമയങ്ങളില്‍ ബസ് സര്‍വിസ് ഉള്ളതിനാല്‍ അങ്ങോട്ടേക്കുള്ള യാത്രക്ക് ബുദ്ധിമുട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.