ചെലവ് മൂന്നു കോടി രൂപൂ തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ പദ്ധതി ഈമാസം അവസാനത്തോടെ

കണ്ണൂര്‍: തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ പദ്ധതിയായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) ജില്ലയില്‍ സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. ജില്ലാ ആസൂത്രണയോഗത്തിലാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയത്. സെപ്റ്റംബര്‍ അവസാനത്തോടെ ജില്ലയില്‍ എ.ബി.സി പദ്ധതി ആരംഭിക്കുന്നതിന് ബംഗളൂരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന ഏജന്‍സിയുമായി കരാര്‍ ഒപ്പിടുന്നതിനുള്ള നടപടി പൂര്‍ത്തിയായി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള സംവിധാനം താല്‍ക്കാലികമായി പാപ്പിനിശ്ശേരി വെറ്ററിനറി ഓഫിസ് കെട്ടിടത്തിലാണ് തയാറാക്കുക. ഓപറേഷന്‍ തിയറ്റര്‍ അടക്കമുള്ള സംവിധാനം ഇവിടെ പൂര്‍ത്തിയായിവരുകയാണ്. മൂന്നു കോടി രൂപയുടെ പദ്ധതിയില്‍ 70 ശതമാനം അധിക വികസനഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ബാക്കി 30 ശതമാനം തദ്ദേശസ്ഥാപനങ്ങളുടെ വിഹിതമായി സമാഹരിക്കും. ജില്ലാപഞ്ചായത്ത് 10 ലക്ഷം, കോര്‍പറേഷന്‍ 10 ലക്ഷം, നഗരസഭകള്‍ രണ്ടു ലക്ഷം, ഗ്രാമപഞ്ചായത്തുകള്‍ ഒരു ലക്ഷം എന്നിങ്ങനെയാണ് വിഹിതം വകയിരുത്തേണ്ടത്. 2016-17 വാര്‍ഷികപദ്ധതി പ്രോജക്ടുകള്‍ തയാറാക്കുമ്പോള്‍ എ.ബി.സി പദ്ധതിക്ക് തുക വകയിരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആസൂത്രണസമിതി അധ്യക്ഷനായ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍െറ തീരുമാനപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ഡയറക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷികപദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ 14ാം ധനകാര്യ കമീഷന്‍േറതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സമിതി മെംബര്‍ സെക്രട്ടറികൂടിയായ ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പരമാവധി തദ്ദേശസ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ നാലിന് വൈകീട്ട് അഞ്ചിനകം പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ഗ്രാമ-ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.