സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് അധ്യാപകദിനത്തില്‍ തുടക്കം

കണ്ണൂര്‍: ജില്ലയിലെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ അക്കാദമികവും അക്കാദമികേതരവുമായ സമഗ്രപുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസപദ്ധതി അധ്യാപകദിനത്തില്‍ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ട്, ഒമ്പത് ക്ളാസുകളില്‍ മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം, ഇംഗ്ളീഷ് എന്നീ വിഷയങ്ങളിലെ പഠനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കോച്ചിങ് ക്ളാസുകള്‍ ഏര്‍പ്പെടുത്തും. കുട്ടികളുടെ ജീവിതസാഹചര്യം മനസ്സിലാക്കി കൗണ്‍സലിങ് നല്‍കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടത്തും. 10ാം ക്ളാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും പ്രത്യേകപരിശീലനം. മൂന്നു മുതല്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് മാതൃഭാഷ, ഗണിതം, ഇംഗ്ളീഷ് വിഷയങ്ങളില്‍ അടിസ്ഥാനശേഷി ഉറപ്പാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും മനോ-കായികവികസന പരിപാടിയുടെ ഭാഗമായി യോഗ, നീന്തല്‍, കളരിപ്പയറ്റ്, തൈക്വാന്‍ഡോ, കരാട്ടേ പരിശീലനങ്ങളും നടത്തും. തെരഞ്ഞെടുത്ത സ്കൂളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ നടപ്പാക്കുന്നതോടൊപ്പം ജില്ലാപഞ്ചായത്തിന് കീഴിലെ തെരഞ്ഞെടുത്ത 25 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പ്രവര്‍ത്തനവും പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് ഡിവിഷന്‍ അംഗത്തിന്‍െറ നേതൃത്വത്തില്‍ ഓരോ സ്കൂളിലും പൂര്‍വവിദ്യാര്‍ഥികളെയും സ്കൂളുമായി ബന്ധപ്പെടുന്ന മറ്റ് മുഴുവനാളുകളെയും സഹകരിപ്പിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റി രൂപവത്കരിക്കും. കൂടാതെ, ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസനനിധി സ്വരൂപിച്ച് സ്കൂളിന്‍െറ മുഴുവന്‍ വികസനമെന്ന സ്വപ്നസാക്ഷാത്കാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമഗ്ര വിദ്യാഭ്യാസപദ്ധതിക്കായി ആദ്യഘട്ടത്തില്‍ പ്രചാരണ പരിപാടികള്‍ക്കുള്‍പ്പെടെ 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആറളം ഫാമിലെ എസ്.സി-എസ്.ടി പഠനപോഷണപരിപാടി ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും കെ.വി. സുമേഷ് അറിയിച്ചു. സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് ജില്ലാപഞ്ചായത്ത് ഹാളില്‍ പി.കെ. ശ്രീമതി എം.പി നിര്‍വഹിക്കും. ചടങ്ങില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.