വിടവാങ്ങിയത് കളിക്കളത്തിലെ ഓള്‍റൗണ്ടര്‍

പയ്യന്നൂര്‍: എല്ലാ വിഭാഗം കായിക വിനോദങ്ങളും വഴങ്ങുന്ന കായിക താരവും കായിക മേളകളുടെ മികച്ച സംഘാടകനുമായിരുന്നു വെള്ളിയാഴ്ച വിടവാങ്ങിയ പ്രഫ. പി.വി. ഗോവിന്ദന്‍ കുട്ടി. അധ്യാപനത്തിലെ കണിശതയും കളിക്കളത്തിലെ നിറസാന്നിധ്യവുമാണ് അരങ്ങൊഴിഞ്ഞത്. പ്രഫസര്‍ക്ക് വഴങ്ങാത്ത കായിക വിനോദങ്ങളില്ല. ഒരേ സമയം മികച്ച ഫുട്ബാളറും വോളിബാള്‍ കളിക്കാരനും ഹോക്കി താരവുമായ പ്രഫസര്‍ പോള്‍വോള്‍ട്ടിലും കഴിവു തെളിയിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ വിവിധ കായിക ഇനങ്ങളുടെയും കായിക താരങ്ങളുടെയും വളര്‍ച്ചയില്‍ ഈ അധ്യാപകന്‍െറ വിയര്‍പ്പുണ്ട്. പയ്യന്നൂരില്‍ നടന്ന അഖിലേന്ത്യാ വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ ജനറല്‍ കണ്‍വീനര്‍ എന്ന നിലയിലുള്ള സംഘാടക മികവ് അഖിലേന്ത്യാ വോളിബാള്‍ അസോസിയേഷന്‍െറയും ദേശീയ മാധ്യമങ്ങളുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. മുന്‍ എം.പി ടി. ഗോവിന്ദനും പ്രഫ. ഗോവിന്ദന്‍ കുട്ടിയും ചേര്‍ന്നപ്പോള്‍ ഉണ്ടായ സംഘാടക മികവാണ് മത്സരം വന്‍ വിജയമാകാന്‍ കാരണമായത്. ജാതി മത രാഷ്ട്രീയത്തിനതീതമായ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനാണ് അന്ന് വോളിബാള്‍ പ്രേമികള്‍ സാക്ഷ്യം വഹിച്ചത്. പയ്യന്നൂര്‍ കോസ്മോ പൊളിറ്റന്‍ ക്ളബ് സ്ഥാപക അംഗമായ ഈ കായിക താരം വളരെ ചെറുപ്പത്തില്‍ തന്നെ കണ്ണൂര്‍ സ്പിരിറ്റഡ് യൂത്ത്സിലെ കളിക്കാരനായി. പോള്‍വാള്‍ട്ടില്‍ കോഴിക്കോട് സര്‍വകലാശാല ചാമ്പ്യനായ അദ്ദേഹത്തിന് സര്‍വകലാശാല ഹോക്കി ടീമിനെ നയിക്കാനും നിയോഗമുണ്ടായി. പയ്യന്നൂരിലെ ആദ്യകാല കായിക സംഘടനയായ ടൗണ്‍ സ്പോര്‍ട്സ് ക്ളബ് രൂപവത്കരിച്ചപ്പോള്‍ ഫുട്ബാള്‍ ക്യാപ്റ്റന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് രണ്ടഭിപ്രായമുണ്ടായില്ല. ടി.വി. ബ്രദേഴ്സ് ക്ളബിന്‍െറ ഫുട്ബാള്‍ ടീമിനെ നയിച്ചതും ഗോവിന്ദന്‍ കുട്ടിയായിരുന്നു. പയ്യന്നൂര്‍ കോളജില്‍ ബോട്ടണി വിഭാഗത്തിലാണ് അധ്യാപകനായതെങ്കിലും കായിക മേഖലയായിരുന്നു ഇഷ്ട തട്ടകം. കോളജിലെ ഫുട്ബാള്‍, വോളിബാള്‍ മേഖലകളിലെ മികവിന് ഈ അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവരുടെ തപസ്യയും ആത്മാര്‍ഥ സേവനവും ഉണ്ട്. ഏഴിമലയിലെ ജൈവവൈവിധ്യങ്ങളുടെ പഠനത്തില്‍ എം.ഫില്‍ നേടി പ്രകൃതി പഠനത്തിലും സാന്നിധ്യമറിയിച്ചു. എട്ടുവര്‍ഷക്കാലം പയ്യന്നൂര്‍ കോളജിന്‍െറ പ്രിന്‍സിപ്പലായപ്പോള്‍ അക്കാദമിക് രംഗത്തെ മികവിനും നാട് സാക്ഷ്യം വഹിച്ചു. ഏതാനും മാസങ്ങളായി അസുഖം മാസ്റ്ററെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.