ഗുരുനിന്ദ നടത്താതെ സി.പി.എമ്മും ബി.ജെ.പിയും ഊരിയവാള്‍ ഉറയിലിടണം –വി.എം. സുധീരന്‍

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്‍െറ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന സി.പി.എമ്മും ബി.ജെ.പിയും ഗുരുനിന്ദ നടത്താതെ ഊരിയ വാളുകള്‍ ഉറയിലിടണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീനാരായണഗുരു സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്‍െറ നമുക്ക് ജാതിയില്ല പ്രഖ്യാപനത്തിന്‍െറ ശതാബ്ദി വര്‍ഷമാണിത്. മനുഷ്യത്വമാണ് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗുരുവിന്‍െറ ജാതി. മനുഷ്യത്വമില്ലാതെ ഒരു ഇസവും ജാതിയുമില്ളെന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. ഗുരുവിന്‍െറ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്ന ഗുരുവിനെ ഏറ്റെടുക്കുന്ന പാര്‍ട്ടികള്‍ നവോത്ഥാന നായകര്‍ ഉയര്‍ത്തിപ്പിടിച്ചത് അംഹിസയാണെന്ന് ഓര്‍ക്കണം. ഒരു ഭാഗത്ത് ഗുരുവിന്‍െറ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മറുഭാഗത്ത് ആളെകൊല്ലുന്ന ശൈലിയിലുള്ള രാഷ്ട്രീയമാണ് ചില പാര്‍ട്ടികള്‍ നടത്തുന്നത്. ജാതിയില്ല എന്ന ഗുരുവിന്‍െറ വാക്കുകള്‍ പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ മദ്യത്തിനെതിരെയുള്ള ഗുരുവിന്‍െറ നിലപാടുകള്‍ക്കെതിരാണ്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടൂറിസം മേഖല നഷ്ടത്തിലാണെന്ന് പറഞ്ഞാണ് ഇതിന് ഒരുങ്ങുന്നത്. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം നടപ്പാക്കിയതിനു ശേഷമുള്ള ഒരു വര്‍ഷം ടൂറിസം മേഖലക്ക് വളര്‍ച്ചയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്‍ ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ.ഡി. മുസ്തഫ, വി.എ. നാരായണന്‍, സജി ജോസഫ്, മാര്‍ട്ടിന്‍ ജോര്‍ജ്, സോണി സെബാസ്റ്റ്യന്‍, മുഹമ്മദ് ബ്ളാത്തൂര്‍, എം.പി. മുരളി, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.