കരിങ്കല്‍ ക്വാറി തുറക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്

ആലക്കോട്: പൂട്ടിയ കരിങ്കല്‍ ക്വാറി വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നാട്ടുകാരും ക്വാറി നടത്തിപ്പുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ആലക്കോട് പഞ്ചായത്തിലെ രയരോത്തിന് സമീപം മൂന്നാംകുന്നില്‍ ഏറെനാളായി അടഞ്ഞുകിടന്ന കരിങ്കല്‍ ക്വാറി കഴിഞ്ഞ ദിവസം വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് സംഭവം. മൂന്നാംകുന്ന് സ്വദേശി ജാഫറിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇദ്ദേഹത്തിന്‍െറ പിതാവിന്‍െറ പേരിലായിരുന്ന ക്വാറി, അദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറികളുമായി വന്ന് ക്വാറിയിലുണ്ടായിരുന്ന മുമ്പ് പൊട്ടിച്ച കരിങ്കല്ലുകള്‍ എടുത്തുകൊണ്ടുപോവുകയും ബാക്കി കരിങ്കല്ലുകള്‍ പൊട്ടിക്കാന്‍ തുടങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് ഒരു വിഭാഗം നാട്ടുകാര്‍ ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് ക്വാറി നടത്തിപ്പുകാരും തൊഴിലാളികളും ചേര്‍ന്ന് തങ്ങളെ കൈയേറ്റം ചെയ്തതായി ജനകീയ വികസന സമിതി പ്രവര്‍ത്തകര്‍ പറയുന്നു. പരിക്കേറ്റ സമിതി പ്രവര്‍ത്തകരായ എം.എസ്. ഹാരിസ് (40), മാഹിന്‍ അബ്ദുല്ല (50), ഭാര്യ ആയിഷ എന്നിവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും ക്വാറിതൊഴിലാളി മൂന്നാംകുന്ന് കോളനിയിലെ കൊയിലേരിയന്‍ കുഞ്ഞിരാമനെ തളിപ്പറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സംഘര്‍ഷാവസ്ഥയറിഞ്ഞ് ആലക്കോട് എസ്.ഐ ടി.വി. അശോകന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി കരിങ്കല്ല് പൊട്ടിക്കരുതെന്ന് നിര്‍ദേശം നല്‍കി തിരിച്ചുപോയിരുന്നെന്നും എന്നാല്‍, വീണ്ടും ക്വാറി പ്രവര്‍ത്തിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, നിസ്സാര പ്രശ്നത്തെ ചൊല്ലി ഏതാനും ചില വ്യക്തികള്‍ ക്വാറിക്കെതിരെ രംഗത്തുവരുകയും തങ്ങളെ ആക്രമിക്കുകയുമായിരുന്നെന്ന് ക്വാറി നടത്തിപ്പുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.