നിയമ വിരുദ്ധ മത്സ്യബന്ധനം: ഒരു ബോട്ടുകൂടി പിടിയില്‍

കണ്ണൂര്‍: തീരത്തോടു ചേര്‍ന്ന് നിയമ വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ഒരു ബോട്ടുകൂടി മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ എടുത്തു. ചെറുവത്തൂര്‍ സ്വദേശി ധനീഷിന്‍െറ ഉടമസ്ഥതയിലുള്ള ‘ശ്രീ മുത്തപ്പന്‍’ ബോട്ടാണ് വ്യാഴാഴ്ച പിടികൂടിയത്. ചെറുവത്തൂര്‍ സ്വദേശിയായ ഹരീഷിന്‍െറ ‘ഷാന്‍ഹാസ്’ എന്ന ബോട്ട് ബുധനാഴ്ച രാത്രി പിടികൂടിയിരുന്നു. പടന്ന, കവ്വായി ഭാഗത്തു വെച്ച് കരവലി നടത്തുന്നതിനിടെയാണ് ബോട്ടുകള്‍ പിടികൂടിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫ് ഫിഷറീസ് കെ. അജിത ഇരു ബോട്ടുകളും ഇമ്പൗണ്ട് ചെയ്തു. ആന്ധ്ര സ്വദേശികളായ തൊഴിലാളികള്‍ മാത്രമുണ്ടായിരുന്ന ‘ഷാന്‍ഹാസ്’ എന്ന ബോട്ടിലെ മത്സ്യങ്ങള്‍ 30,000 രൂപക്കും ശ്രീമുത്തപ്പന്‍ എന്ന ബോട്ടിലെ മത്സ്യങ്ങള്‍ 2000 രൂപക്കും ലേലം ചെയ്ത് തുക സര്‍ക്കാറിലേക്കടച്ചു. തുടര്‍ന്ന് നടന്ന അജൂഡിക്കേഷന്‍ നടപടിയില്‍ കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് ഇരു ബോട്ടുകള്‍ക്കും 25,000 രൂപ വീതം പിഴ വിധിക്കുകയും ചെയ്തു. അനധികൃത മത്സ്യബന്ധനം തടയുന്നതിന് വരും ദിവസങ്ങളില്‍ രാത്രിഭേദമന്യേയുള്ള കടല്‍ പട്രോളിങ് ശക്തമാക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്.ഐ വി.ഡി. ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുഞ്ഞമ്പു, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനില്‍, ലസ്കര്‍ ജോസഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.