ധനരാജ് വധം: ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍കൂടി പിടിയിലായി. എട്ടിക്കുളം മൊട്ടക്കുന്നിലെ സി. ഷൈജുവിനെയാണ് (21) കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ 10 പ്രതികള്‍ അറസ്റ്റിലായി. കേസില്‍ നേരിട്ടു പങ്കെടുത്തവര്‍ ഇതോടെ പിടിയിലായി. കഴിഞ്ഞ ജൂലൈ 11ന് രാത്രിയാണ് വീട്ടുപറമ്പില്‍ ധനരാജ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ഒമ്പതു പ്രതികളില്‍ ആറുപേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കഴിഞ്ഞയാഴ്ചയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവദിവസം രാത്രി പയ്യന്നൂര്‍ അന്നൂരില്‍ ബി.എം.എസ് മേഖലാ പ്രസിഡന്‍റ് സി.കെ. രാമചന്ദ്രനെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശ്രീകണ്ഠപുരം സി.ഐ അന്വേഷിക്കുന്ന കേസില്‍ ഇതുവരെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, സംഭവദിവസം നടന്ന അക്രമവുമായി ബന്ധപ്പെട്ട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.