ഷംന കേസില്‍ പുതിയ വഴിത്തിരിവ്; മെഡിക്കല്‍ റിപ്പോര്‍ട്ട് ഉന്നതതല സമിതിക്ക് വിട്ടു

കൊച്ചി: പനിബാധിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ചികിത്സക്കിടെ കുഴഞ്ഞുവീണുമരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സംസ്ഥാനതല ഉന്നതതല സമിതിക്ക് വിടാന്‍ തീരുമാനിച്ചു. മനുഷ്യാവകാശ കമീഷന് കൊച്ചി പൊലീസ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഷംന കേസ് വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഷംനയുടെ മരണം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂപപ്പെട്ടതായി നേരത്തേ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ഈ അഭിപ്രായ ഭിന്നതകള്‍ക്കിടയിലും ചികിത്സാ പിഴവല്ല മരണകാരണമെന്ന റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ബോര്‍ഡ് അന്വേഷണ സംഘത്തിന് നല്‍കിയത്. എന്നാല്‍, മെഡിക്കല്‍ എജുക്കേഷന്‍ ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല അന്വേഷണത്തില്‍ ചികിത്സാ പിഴവ് കണ്ടത്തെുകയും ഉത്തരവാദികളെന്ന നിലയില്‍ ഡോക്ടറെയും പി.ജി വിദ്യാര്‍ഥിയെയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ളെന്ന ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെതിരെ രൂക്ഷ പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ഒപ്പം ഫോറന്‍സിക് സര്‍ജന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ വിവരവും പുറത്തുവന്നു. മാത്രമല്ല, എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഷംനയുടെ പിതാവ് അബൂട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. ഭരണപരിഷ്കാര സമിതി ചെയര്‍മാന്‍ കൂടിയായ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍െറ സഹായവും തേടിയിരുന്നു. വി.എസ് മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സംസ്ഥാനതല അപ്പെക്സ്ബോര്‍ഡിന് വിടാന്‍ നിര്‍ദേശിച്ചത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, തിരുവനന്തപുരം മെഡി. കോളജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതിയാകും ഇനി ഈ റിപ്പോര്‍ട്ട് പരിഗണിക്കുക എന്നാണ് സൂചന. മാത്രമല്ല, ഈ വിഷയത്തില്‍ പൊലീസിന്‍െറ നിഷ്ക്രിയത്വത്തിന് എതിരെയും ആരോപണമുയര്‍ന്നിരുന്നു. ഷംനയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍നിന്ന് മാത്രമാണ് മൊഴിയെടുത്തത്. നഴ്സുമാരുടെ മൊഴിയെടുത്തിരുന്നില്ല. സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് അന്വേഷണ സംഘം നഴ്സുമാരുടെ മൊഴിയും രേഖപ്പെടുത്തി. ഷംനക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ മൂവ്മെന്‍റിനുവേണ്ടി ഡോ. എന്‍.കെ. സനില്‍ കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി കണ്ണൂര്‍ ശിവപുരം പടുപാല ഐഷ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന ജൂലൈ 18ന് പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവിടെ കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആന്‍റി ബയോട്ടിക് കുത്തിവെപ്പ് എടുത്തയുടന്‍ കുഴഞ്ഞുവീണ ഷംനയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ സ്ട്രെച്ചര്‍ പോലും വാര്‍ഡിലുണ്ടായിരുന്നില്ല. അടിയന്തര ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, വാര്‍ഡില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റാന്‍ സ്ട്രെച്ചര്‍ ലഭിക്കാതെ 20 മിനിറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.