തട്ടിക്കൊണ്ടുപോകല്‍: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ റിമാന്‍ഡില്‍

തലശ്ശേരി: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോകാനത്തെിയതിനിടെ പൊലീസ് പിടികൂടിയ ക്വട്ടേഷന്‍ സംഘാംഗങ്ങളെ കോടതി റിമാന്‍ഡ് ചെയ്തു. ഉഡുപ്പി സ്വദേശി റസീല്‍(29), കുടുക്കിമൊട്ട കൊട്ടാച്ചേരിയിലെ തൈപറമ്പില്‍ ഹൗസില്‍ റയീസ് (25), കാസര്‍കോട് ഉപ്പള നയാബസാറിലെ ബിലാല്‍(18), ഉഡുപ്പി പടുബിദ്രിയിലെ മുഹമ്മദ് അസ്ഫാന്‍ (29), ഉഡുപ്പി ഷിറുവ സ്വദേശികളായ ഇഖ്ബാല്‍ (27), അബ്ദുല്‍ സമദ്(24) എന്നിവരാണ് റിമാന്‍ഡിലായത്. ശനിയാഴ്ച രാവിലെ 11.30ഓടെ ചിറക്കരയില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. തലശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ചിറക്കര എസ്.എസ് റോഡിലെ വണ്ണത്താന്‍കണ്ടി സജീറിനെ തട്ടിക്കൊണ്ടു പോകാന്‍ തലശ്ശേരി സ്വദേശിയായ അബൂദബിയിലുള്ള മുഹ്സിന്‍ എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. 15 ലക്ഷം രൂപയാണ് ക്വട്ടേഷന്‍ തുക. മുഹ്സിനെതിരെ മുമ്പ് കേസുണ്ടായപ്പോള്‍ സഹായകരമായ നിലപാടെടുക്കാന്‍ സജീര്‍ തയാറായില്ളെന്നും ഇതിലുള്ള ദേഷ്യമാണ് ക്വട്ടേഷന്‍ നല്‍കുന്നതിലേക്കത്തെിച്ചതെന്നും പൊലീസ് പറഞ്ഞു. സജീറില്‍നിന്ന് രണ്ടു കോടി രൂപ തനിക്ക് ലഭിക്കാനുണ്ടെന്നാണ് ഇയാള്‍ ക്വട്ടേഷന്‍ സംഘത്തോട് പറഞ്ഞത്. ഈ തുകക്കുള്ള രേഖകള്‍ക്ക് പുറമെ 40 ലക്ഷം രൂപ കൂടി ഇയാളില്‍ നിന്ന് തരപ്പെടുത്തണമെന്നും അതില്‍ 15 ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്നുമാണ് സംഘത്തിന് നല്‍കിയ വാഗ്ദാനം. പിടിയിലായവര്‍ കര്‍ണാടകയില്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഘം ഉഡുപ്പിയില്‍ നിന്ന് പുറപ്പെട്ടത്. ജില്ലാ പൊലീസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.