ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ബഹുജനസംഗമം

കണ്ണൂര്‍: ദേശീയപാത വികസനത്തിന്‍െറ പേരിലുള്ള അന്യായമായ കുടിയൊഴിപ്പിക്കലിനും പൊതുസ്വത്തായ ദേശീയപാതയെ ചുങ്കപാതയാക്കിതീര്‍ക്കുന്നതിനുമെതിരെ ബഹുജനസംഗമം നടത്തി. ദേശീയപാത 17 ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അപ്പുക്കുട്ടന്‍ കാരയില്‍ (കുടിയിറക്ക് സ്വകാര്യ വത്കരണ വിരുദ്ധസമിതി), ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വീനര്‍ സി.കെ. സദാശിവന്‍, കെ.കെ. ഫിറോസ്, വിനോദ് പയ്യട, ഭാസ്കരന്‍ വെള്ളൂര്‍, പി.പി. മോഹനന്‍, എം.കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. അന്യായമായ കുടിയിറക്കല്‍ ഒഴിവാക്കുക, രണ്ട് പതിറ്റാണ്ട് മുമ്പ് സര്‍ക്കാര്‍ ഏറ്റെടുത്ത 30 മീറ്റര്‍ വീതിയിലുള്ള ഭൂമിയില്‍ നാല് വരിയാക്കി ദേശീയപാത വികസിപ്പിക്കുക, ചുങ്കരഹിതമായി സര്‍ക്കാര്‍ തന്നെ പാത നിര്‍മിക്കുക, ബൈപാസ് നിര്‍മാണത്തിന്‍െറ പേരില്‍ ജനസാന്ദ്രമായ പ്രദേശങ്ങളിലൂടെ തയാറാക്കിയ അശാസ്ത്രീയ അലൈന്‍മെന്‍റുകള്‍ റദ്ദുചെയ്യുക, പാത വികസിപ്പിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍ പുനരധിവാസവും ഭൂമിക്ക് മാര്‍ക്കറ്റ് വിലയും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന ബഹുജനസംഗമത്തില്‍ കുടിയിറക്കപ്പെടുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.