അക്രമരാഷ്ട്രീയവും നിര്‍ബന്ധിത ഹര്‍ത്താലും: വ്യാപാരികള്‍ നാളെ ഉപവാസമിരിക്കും

കണ്ണൂര്‍: അക്രമ-കൊലപാതക രാഷ്ട്രീയത്തിനെതിരെയും നിര്‍ബന്ധിത ഹര്‍ത്താലിനെതിരെയും വ്യാപാരികള്‍ ഉപവാസമിരിക്കുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം. ചെറിയ രാഷ്ട്രീയസംഘര്‍ഷംപോലും നഗരങ്ങളെയും ഗ്രാമങ്ങളെയും വിജനമാക്കുകയാണ്. ഛോട്ടാ നേതാക്കന്മാര്‍ക്കുവരെ രണ്ടില്‍ കുറയാത്ത വാഹനമുള്ളതിനാല്‍ ഈ അടുത്തകാലത്ത് വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുന്നുണ്ട്. 35 ലക്ഷം പേരാണ് കേരളത്തില്‍ 10 ലക്ഷം വ്യാപാരികളെ ആശ്രയിച്ചുകഴിയുന്നത്. തെരഞ്ഞെടുപ്പ് പിരിവ്, സംഭാവനകള്‍, യാത്രപ്പിരിവ് എന്നൊക്കെ പറഞ്ഞ് വ്യാപാരികളെ സമീപിക്കുന്ന രാഷ്ട്രീയക്കാര്‍ പുനര്‍വിചിന്തനം നടത്തണം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ കച്ചവടക്കാരന്‍ കടയുംപൂട്ടി ശമ്പളവും വാടകയും നികുതിയും നല്‍കി വീട്ടിലിരിക്കേണ്ട ദു$സ്ഥിതിയാണ്. രാഷ്ട്രീയത്തിന്‍െറ പേരുപറഞ്ഞ് ആക്രമണവും കൊലപാതകവും നടന്നാല്‍ പ്രബുദ്ധകേരളം വിധവകളുടെയും അനാഥരുടെയും ആക്രമികളുടെയും പറുദീസയാകും.വ്യാഴാഴ്ച നടക്കുന്ന ഉപവാസം വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസീറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് സമാപനസമ്മേളനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യാ മേച്ചേരി, ജനറല്‍ സെക്രട്ടറി പി. ബാഷിത്, വൈസ് പ്രസിഡന്‍റ് സി.സി. വര്‍ഗീസ്, സെക്രട്ടറി എ. സുധാകരന്‍, യൂത്ത് വിങ് ജില്ലാ പ്രസിഡന്‍റ് കെ.എസ്. റിയാസ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.