ദേശീയപാത വികസനം: നാളെ ബഹുജന സംഗമം

കണ്ണൂര്‍: ദേശീയപാത വികസനത്തിന്‍െറ പേരിലുള്ള അന്യായ കുടിയൊഴിപ്പിക്കലിനും പാതയെ ചുങ്കപ്പാതയാക്കുന്നതിനുമെതിരെ ദേശീയപാത 17 ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ബുധനാഴ്ച ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ഹാഷിം ചേന്ദമ്പിള്ളി ഉദ്ഘാടനം ചെയ്യും. ദേശീയപാത വികസനത്തിന്‍െറ പേരില്‍ ഭൂമി ഏറ്റടെുക്കുമ്പോള്‍ വന്‍തുക നഷ്ടപരിഹാരമായി ലഭിക്കുന്നുവെന്ന് അധികൃതര്‍ കുപ്രചാരണം നടത്തുകയാണ്. 2006ല്‍ തയാറാക്കിയ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) അടിസ്ഥാനത്തിലാണ് റോഡിന്‍െറ അലൈന്‍മെന്‍റും കുടിയൊഴിക്കപ്പെടുന്നവരുടെയും പൊളിച്ചെടുക്കേണ്ടുന്ന കെട്ടിടങ്ങളുടെയും എണ്ണം തയാറാക്കിയിട്ടുള്ളത്. 2016 ആകുമ്പോള്‍ പ്രസ്തുത അലൈന്‍മെന്‍റില്‍ പുതുതായി നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വന്നിട്ടുണ്ടെന്ന കാര്യം പരിഗണിക്കപ്പെടുന്നില്ല. കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതല്‍ തിരുവനന്തപുരത്തെ കഴക്കൂട്ടം വരെ പുതിയ പഠനം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തലപ്പാടി മുതല്‍ വെങ്ങളം വരെ 2006ലെ ഡി.പി.ആര്‍ പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇത് കടുത്ത അനീതിയാണ്. തലപ്പാടി മുതല്‍ വെങ്ങളം വരെ പുതിയ പഠനം നടത്തണം. ജനങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കിയതിന് ശേഷമേ ഭൂമി ഏറ്റെടുക്കാന്‍ പാടുള്ളൂവെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 76.95 ഹെക്ടര്‍ സ്ഥലമാണ് കണ്ണൂര്‍ ബൈപാസിന് വേണ്ടി ഏറ്റെടുക്കേണ്ടിവരുക. എന്നാല്‍, പുതിയതെരു മുതല്‍ കണ്ണൂര്‍ ടൗണ്‍, താഴെചൊവ്വ വരെയുള്ള ഭാഗത്ത് മേല്‍പാലങ്ങള്‍ നിര്‍മിച്ച് നാലുവരിപ്പാത നിര്‍മിക്കുകയാണെങ്കില്‍ നൂറുകണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പോള്‍ ടി. സാമുവല്‍, നജീബ്, എ.പി. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.