മുസ്ലിം സംഘടനകളുടെ വിപുല യോഗം വിളിച്ചുചേര്‍ക്കുന്നു

കണ്ണൂര്‍: മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ച് സമൂഹത്തെയും സമുദായംഗങ്ങളെയും ബോധവത്കരിക്കുന്നതിനും കക്ഷിരാഷ്ട്രീയ ചിന്താഗതികള്‍ക്കും ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കതീതമായി പൊതുവിഷയങ്ങളില്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും മുസ്ലിം സംഘടനകളുടെ വിപുലമായ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഇതിന് മുന്നോടിയായി എല്ലാ മുസ്ലിം സംഘടനകളുടെയും നേതൃയോഗം ഒക്ടോബര്‍ 24ന് കണ്ണൂരില്‍ വിളിച്ചുചേര്‍ക്കാന്‍ ജില്ലയിലെ മതരാഷ്ട്രീയ സംഘടനകളുടെ കോഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏക സിവില്‍ കോഡ്, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നടപടികള്‍, സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യ മയക്കുമരുന്നുകളുടെ ഉപയോഗം, ഭീകരവാദത്തിന്‍െറ പേരിലുള്ള പീഡനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബഹുജനാഭിപ്രായം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ടി.എ. തങ്ങള്‍, ഡോ. എ. ബഷീര്‍, ഐ.എം. ഹാരിസ്, ഇസ്മായില്‍ കരിയാട്, ടി. മുഹമ്മദ് നജീബ്, കെ.എം. മഖ്ബൂല്‍, എ.ടി. അബ്ദുല്‍സലാം, അഡ്വ. പി. മുസ്തഫ, വി.പി. വമ്പന്‍, അഡ്വ. പി.വി. സൈനുദ്ദീന്‍, കെ.പി. അബ്ദുല്‍ അസീസ്, നൗഷാദ് സലാഹി, സി.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മുസ്ലിം ലീഗ് ജന. സെക്രട്ടറി അഡ്വ. അബ്ദുല്‍കരീം ചേലേരി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.