കണ്ണൂരില്‍ കാല്‍നൂറ്റാണ്ടിനിടയില്‍ പൊലിഞ്ഞത് 106 ജീവന്‍

കണ്ണൂര്‍: അപരിഷ്കൃത രീതിയില്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ മാത്രം നടന്നത് 106 രാഷ്ട്രീയ കൊലപാതകങ്ങളാണ്. കണ്ണൂരിലെ രാഷ്ട്രീയത്തെ ദേശീയവ്യാപകമായി ഉറ്റുനോക്കുമ്പോഴും അക്രമത്തിന്‍െറ പാതയില്‍ നിന്ന് പിന്‍വാങ്ങാന്‍ പാര്‍ട്ടികള്‍ ഒരുങ്ങുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കൊലപാതകങ്ങള്‍ കണക്കിലെടുത്താല്‍ 1990 മുതല്‍ സി.പി.എമ്മിന് 43 രക്തസാക്ഷികളും ബി.ജെ.പിക്ക് 42 രക്തസാക്ഷികളുമാണുള്ളത്. മറ്റു പാര്‍ട്ടികള്‍ക്കും രക്തസാക്ഷികളുണ്ടെങ്കിലും കൊണ്ടും കൊടുത്തുമുള്ള രാഷ്ട്രീയത്തിന്‍െറ കണക്ക് സി.പി.എമ്മിനും ബി.ജെ.പിക്കുമാണ് കൂടുതല്‍. ഇതു മാത്രമല്ല കഴിഞ്ഞ ആറു മാസത്തിനിടയില്‍ 350 ലധികം രാഷ്ട്രീയ അക്രമ കേസുകളാണ് ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആയിരത്തിനടുത്ത് പ്രതികളും ഈ കേസുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ നടന്ന കൊലപാതകങ്ങളുടെ എണ്ണം എട്ടായി ഉയര്‍ന്നു. പൊലീസ്, നടപടികള്‍ ശക്തമായി തുടരുമ്പോഴും അതിക്രമങ്ങള്‍ അടിച്ചമര്‍ത്താനാവുന്നില്ളെന്നത് അമ്പരപ്പിക്കുന്നതാണ്. ശക്തമായ പൊലീസ് പരിശോധനകളും റെയ്ഡുകളും നടക്കുന്നുണ്ട്. എന്നാല്‍, ഇവയെല്ലാം മറികടന്നാണ് അക്രമങ്ങള്‍ തുടരുന്നത്. സ്ഥിരം രാഷ്ട്രീയ അക്രമ കേന്ദ്രങ്ങളില്‍ നിന്നകന്ന് അക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നുണ്ട്. പയ്യന്നൂര്‍ കൊലപാതകങ്ങള്‍ ഇതിന്‍െറ ഭാഗമായിരുന്നു. ശക്തമായ രാഷ്ട്രീയമുള്ള ആളുകളാണെങ്കിലും പയ്യന്നൂരില്‍ എതിരാളികളെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള രീതിയിലേക്ക് മാറിയിരുന്നില്ല. എന്നാല്‍, സി.പി.എമ്മിലെ ധന്‍രാജും ബി.ജെ.പിയിലെ സി.കെ. രാമചന്ദ്രനും കൊല്ലപ്പെട്ട രീതി ഇവിടത്തെ അന്തരീക്ഷം തന്നെ പ്രക്ഷുബ്ധമാക്കി. പാതിരിയാട് വാളാങ്കിച്ചാല്‍ പൊതുവേ ശാന്തമായ പ്രദേശമാണ്. സി.പി.എം പ്രവര്‍ത്തകരാണ് ഇവിടെ ഏറെയുള്ളത്. പ്രദേശത്തുകാര്‍ രാഷ്ട്രീയത്തിന്‍െറ പേരില്‍ തമ്മില്‍തല്ലിയിരുന്നില്ല. ഈ അന്തരീക്ഷം തകര്‍ക്കുന്ന രീതിയിലാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ കുഴിച്ചാലില്‍ മോഹനനെ കൊലപ്പെടുത്തിയത്. വെട്ടി തുണ്ടം തുണ്ടമാക്കിയുള്ള കൊലപാതകം മുന്നറിയിപ്പുകൂടിയെന്ന നിലയിലാണ് നടപ്പാക്കുന്നത്. അണികളുടെ വികാരം തണുപ്പിക്കാനുള്ള തിരിച്ചടിയെന്ന നിലയിലാണ് നേതൃത്വം കൊലപാതകങ്ങളെ സാധൂകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.