ചോരയുണങ്ങാതെ കണ്ണൂര്‍; സൈ്വരം കെടുത്തി പ്രതികാര രാഷ്ട്രീയം

കണ്ണൂര്‍: ചോരകൊണ്ടുള്ള രാഷ്ട്രീയ പ്രതികാരങ്ങള്‍ അവസാനിക്കാതെ കണ്ണൂര്‍. പാതിരിയാടിനടുത്ത് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുഴിച്ചാലില്‍ മോഹനന്‍ കൊല്ലപ്പെട്ടതോടെ ഈ വര്‍ഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ഏഴു തികഞ്ഞു. ആയുധം താഴെവെക്കാന്‍ സി.പി.എം-ആര്‍.എസ്.എസ് നേതൃത്വം ഒരുക്കമല്ലാത്തത് സമാധാനം കാംക്ഷിക്കുന്നവരുടെ അവസാനപ്രതീക്ഷയും ഇല്ലാതാക്കുകയാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുജിത്ത് ഫെബ്രുവരിയില്‍ കൊല്ലപ്പെട്ടതാണ് ഈ വര്‍ഷത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍െറ ആഘോഷങ്ങള്‍ക്കിടയില്‍ പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പിന്നീട് കൊല്ലപ്പെട്ടു. കുറച്ചുകാലം സമാധാനം നിലനിന്ന ജില്ലയെ ഞെട്ടിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പയ്യന്നൂരില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്യമായ പയ്യന്നൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. കണ്ണൂരില്‍ സി.പി.എം അക്രമം നടത്തുന്നുവെന്ന ബി.ജെ.പി പ്രചാരണങ്ങളും, അക്രമം പ്രതിരോധിക്കുമെന്നുള്ള തരത്തില്‍ സി.പി.എം നേതൃത്വവും രംഗത്തുവന്നതോടെ ഭീതിയുടെ അന്തരീക്ഷം ജില്ലയിലുണര്‍ന്നു. പയ്യന്നൂര്‍ കൊലപാതകങ്ങളുടെ തുടര്‍ച്ചയായി അക്രമങ്ങളും കൊലപാതകങ്ങളും നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ ഭാഗമായി പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അക്രമങ്ങള്‍ തടയുന്നതിന് അത് പര്യാപ്തമായില്ല. പയ്യന്നൂര്‍ കൊലപാതകങ്ങള്‍ക്കുശേഷം സമാധാനം നിലനിര്‍ത്താന്‍ പൊലീസ് സ്റ്റേഷനുകളുടെ കീഴില്‍ സര്‍വകക്ഷി സമാധാന യോഗങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും എല്ലായിടത്തും ഇത് നടത്താന്‍ സാധിച്ചില്ല. ബി.ജെ.പി നേതാക്കളെ കൊലപ്പെടുത്താന്‍ ജില്ലയില്‍ സി.പി.എമ്മിന്‍െറ ഗുണ്ടാസംഘങ്ങള്‍ ചുറ്റിസഞ്ചരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു. തങ്ങള്‍ ഭയന്നാണ് കഴിയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി സംഭവിക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്തം സി.പി.എമ്മിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹനന്‍െറ കൊലപാതകവുമായി ഇത് കൂട്ടിവായിക്കേണ്ടതില്ളെങ്കിലും ഇനിയും അക്രമങ്ങള്‍ക്ക് അറുതിയുണ്ടാവില്ളെന്നതാണ് നേതാക്കളുടെ നിലപാടുകള്‍ തെളിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.