പഴശ്ശി റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു

ഇരിക്കൂര്‍: പഴശ്ശി അണക്കെട്ടിലെ ചോര്‍ച്ച പരിഹരിക്കുന്നതിന് ഷട്ടറുകള്‍ തുറന്നതോടെ ജലനിരപ്പ് താഴ്ന്നു. ഇതോടെ ജില്ലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായി. അണക്കെട്ടിലെ 16 ഷട്ടറുകളും അടച്ച് 23 മീറ്ററോളം ഉയരം വെള്ളം തടഞ്ഞുനിര്‍ത്തുമ്പോള്‍ ഇരിട്ടി വരെയുള്ള പുഴ നിറയുകയായിരുന്നു പതിവ്. എന്നാല്‍, ഷട്ടറുകളുടെയും ഭിത്തികളുടെയും ചോര്‍ച്ച അടക്കുന്ന ജോലി കരാര്‍ ജീവനക്കാര്‍ തുടങ്ങിയതോടെയാണ് ശേഖരിച്ച വെള്ളം മുഴുവന്‍ ഇരിക്കൂര്‍ പുഴയിലേക്ക് ഒഴുക്കിയത്. ഇരിക്കൂര്‍ പഞ്ചായത്ത്, തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭ, സമീപത്തെ 10 പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് ഈ വെള്ളമാണ് നല്‍കുന്നത്. കൂടാതെ കണ്ണൂര്‍, പെരളശ്ശേരി, കൊളച്ചേരി, കീഴൂര്‍ ചാവശ്ശേരി എന്നിവിടങ്ങളിലേക്കും പഴശ്ശി ഡാമില്‍ നിന്നാണ് കുടിവെള്ളം നല്‍കുന്നത്. ജൂണ്‍ മുതല്‍ അണക്കെട്ട് തുറന്നിടുകയും നവംബര്‍ ആദ്യം അടച്ച് വെള്ളം തടഞ്ഞുവെക്കുകയുമാണ് പതിവ്. നവംബര്‍ മുതല്‍ മേയ് അവസാനം വരെ ഏഴുമാസത്തോളം അണക്കെട്ടില്‍ വെള്ളം നിറഞ്ഞിരിക്കേണ്ട സമയമാണ്. എന്നാല്‍, ഇക്കൊല്ലം പ്രധാനപ്പെട്ട അറ്റകുറ്റപ്പണിയായതിനാലാണ് ഷട്ടര്‍ തുറന്ന് വെള്ളമൊഴുക്കിയത്. നിലവില്‍ അണക്കെട്ടിന്‍െറ കിഴക്കുഭാഗത്തെ 10 ഷട്ടറുകളാണ് ഇപ്പോള്‍ ഒന്നായി തുറന്നുവിട്ടിരിക്കുന്നത്. പഴശ്ശി അണക്കെട്ടിന് സമീപത്തെ പടിയൂര്‍ പഞ്ചായത്തിലെ കുയിലൂര്‍ ഭാഗത്താണ് നിര്‍ദിഷ്ട പഴശ്ശി സാഗര്‍ ജലവൈദ്യുതി പദ്ധതിയും വരാനിരിക്കുന്നത്. അണക്കെട്ടില്‍ നിന്നും അധികമായിവരുന്ന വെള്ളം ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അണക്കെട്ട് കരകവിഞ്ഞൊഴുകിയപ്പോള്‍ തകര്‍ന്ന പൂന്തോട്ടങ്ങളും മറ്റും ശരിയാക്കുന്ന പദ്ധതിയും നടക്കുന്നുണ്ട്. ലൈറ്റ് വര്‍ക്കുകളും നടക്കുന്നതോടെ 2017 മുതല്‍ നവീന രീതിയിലുള്ള വിനോദസഞ്ചാര കേന്ദ്രം കൂടിയായി മാറും പഴശ്ശി അണക്കെട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.