ആറളം ഫാം പുനരധിവാസ മേഖലയുടെ വികസനത്തിനായി സമഗ്ര പദ്ധതി

കേളകം: ആറളത്ത് ആദിവാസി പുനരധിവാസ മേഖലയുടെ വികസനത്തിനായി സമഗ്ര പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. പുനരധിവാസ കുടുംബങ്ങള്‍ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് വേണ്ടിയാണ് കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ പഞ്ചായത്ത്, പൊലീസ്, ആരോഗ്യം, കൃഷി, മൃഗ സംരക്ഷണ വകുപ്പ്, സാമൂഹിക നീതി, എക്സൈസ്, കുടുംബശ്രീ, പട്ടികവര്‍ഗക്ഷേമം, പൊതുമരാമത്ത് തുടങ്ങി വകുപ്പ് ജില്ലാ മേധാവികളുമായാണ് കലക്ടര്‍ ചര്‍ച്ച നടത്തിയത്. കുടുംബശ്രീ ശാക്തീകരണത്തിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് കുടുംബശ്രീ മുഖാന്തരം പദ്ധതികള്‍ നടപ്പാക്കുകയും കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ അമ്മമാരെ ബോധവത്കരിക്കുകയും ചെയ്യും. ആറളം ഫാം സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ്റൂം സ്ഥാപിക്കും. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ഏകാധ്യാപക വിദ്യാലയങ്ങളിലുള്‍പ്പെടെ അമ്മമാരെ ഉള്‍പ്പെടുത്തി പി.ടി.എ രൂപവത്കരിക്കും. ഫാം സ്കൂളിലെ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഹാജര്‍ പരിശോധിക്കുന്നതിനും ദിവസേന പരിശോധനയുണ്ടാകും. ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പോഷകാഹാര പദ്ധതി പ്രകാരം മുട്ടവിതരണം നടത്തും. യാത്രാക്ളേശം പരിഹരിക്കുന്നതായി മിനി ബസ് സര്‍വിസ് തുടങ്ങുന്നതിനും ഫാം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനും മേഖലയിലെ മദ്യത്തിന്‍െറ ഒഴുക്ക് തടയാന്‍ പ്രവേശ കവാടമായ കക്കുവയില്‍ എക്സൈസ് ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനും കാര്‍ഷിക പുരോഗതിക്കായി കൃഷി ഓഫിസറെ നിയമിക്കുന്നതിനും തീരുമാനിച്ചു. പുനരധിവാസ കുടംബങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി മേഖലയില്‍ പഠനം നടത്തിയ ശേഷമാണ് പരിഹാരത്തിനായി ജില്ലാ കലക്ടര്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്. യോഗത്തില്‍ ഫാം മാനേജിങ് ഡയറക്ടര്‍ വിശ്വനാഥന്‍, ഐ.ടി.ഡി.പി ജില്ലാ പ്രോജക്ട് ഓഫിസര്‍ ഷൈനി, ടി.ആര്‍.ഡി.എം ആറളം സൈറ്റ് മാനേജര്‍ ഗിരീഷ് കുമാര്‍, വിവിധ വകുപ്പ് മേധാവികളായ വി.കെ. ദിലീപ്, പി.വി. ഉണ്ണികൃഷ്ണന്‍, എം. രാജന്‍, സീമ ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.