പരിയാരത്ത് വിദ്യാര്‍ഥി, യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

പയ്യന്നൂര്‍: വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും യുവമോര്‍ച്ച പ്രവര്‍ത്തകരും പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കോളജ് കാമ്പസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് നേരിട്ടു. ഉച്ചക്ക് 11.45 ഓടെയാണ് യു.ഡി.എഫ് വിദ്യാര്‍ഥി സംഘടനകള്‍ ഏമ്പേറ്റ് കേന്ദ്രീകരിച്ച് പ്രകടനമായി മെഡിക്കല്‍ കോളജിലത്തെിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തളിപ്പറമ്പ് ഡിവൈ.എസ്.പി സി. അരവിന്ദാക്ഷന്‍, പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ്, ശ്രീകണ്ഠപുരം സി.ഐ ലതീഷ്, ആലക്കോട് സി.ഐ ഇ.പി. സുരേശന്‍, പയ്യന്നൂര്‍ എസ്.ഐ എ.വി. ദിനേശന്‍, പരിയാരം എസ്.ഐ കെ.എം. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് മെഡിക്കല്‍ കോളജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. പ്രകടനമായത്തെിയ വിദ്യാര്‍ഥികള്‍ ബാരിക്കേഡ് തള്ളിമാറ്റി അകത്തു കടക്കാന്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് പിന്തിരിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. മാര്‍ച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ബാഹ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷമാണ് ഇതേ ആവശ്യമുന്നയിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചും പരിയാരത്തത്തെിയത്. ഉച്ചക്ക് 12.30ഓടെയത്തെിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ഇവരെയും ജലപീരങ്കി ഉപയോഗിച്ച് നേരിട്ടു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം വാക്കേറ്റവും ഉണ്ടായി. സമരം കാണാനത്തെിയവരെ വിരട്ടിയോടിച്ച പൊലീസിന് നാട്ടുകാരുടെ ശകാരവര്‍ഷവും കേള്‍ക്കേണ്ടിവന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതോടെ അവര്‍ സ്വയം പിരിഞ്ഞുപോയി. മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ കടന്നപ്പള്ളി, വി.വി.ഉണ്ണികൃഷ്ണന്‍, കെ.പി.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊലീസിന്‍െറ സംയമനം വന്‍ സംഘട്ടനം വഴിമാറാന്‍ കാരണമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.