വളപട്ടണം പാലം: ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണം

വളപട്ടണം: വളപട്ടണംപാലം നവീകരണവുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി വാഹനനിയന്ത്രണത്തില്‍ ഏര്‍പ്പെടുത്തിയ ഇളവ് ബസുടമകളുടെ സമര്‍ദത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇന്നുമുതല്‍ എല്ലാ നാലുചക്ര വാഹനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരുചക്ര-മുച്ചക്ര വാഹനങ്ങളും തിരക്കേറിയ സമയങ്ങളില്‍ ഭാഗികമായി നിയന്ത്രിക്കും. 2015 ഏപ്രിലില്‍ തുടങ്ങിയ അറ്റകുറ്റപ്പണി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍, പ്രവൃത്തി ഇഴഞ്ഞുനീങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പണിനടക്കുന്നത്. 12 സ്പാനുകളുടെ വിടവുകള്‍ എക്സ്പാന്‍ഷന്‍ ജോയന്‍റ് ഉപയോഗിച്ച് ഘടിപ്പിക്കുന്ന പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതോടെ ഉപരിതല കോണ്‍ക്രീറ്റ് ജോലി ഒരുഭാഗത്ത് തുടങ്ങാനാണ് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പാലത്തിന്‍െറ അടിഭാഗത്തെ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് മുകളില്‍നിന്നുതന്നെ മിശ്രിതം പ്രത്യേകയന്ത്രം ഉപയോഗിച്ച് വേഗത്തില്‍ കോണ്‍ക്രീറ്റ് ചെയ്യാനുള്ളതിനാല്‍ ഗതാഗതനിയന്ത്രണം കര്‍ശനമാക്കണമെന്നാണ് അധികൃതരുടെ ആവശ്യം. അതേസമയം, നവീകരണപ്രവൃത്തി അന്തിമഘട്ടത്തിലും സാങ്കേതികമായി ഇഴയുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. സ്പാനുകളുടെ വിടവുകള്‍ നികത്തുന്നതിന് എക്സ്പാന്‍ഷന്‍ ജോയന്‍റ് ചെയ്യുന്ന ജോലി ഗതാഗതമില്ലാത്ത ഒരുഭാഗത്ത് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. രാത്രിയില്‍ ട്യൂബ് ലൈറ്റ് ഘടിപ്പിച്ച് പാലത്തിന്‍െറ ഒരുഭാഗത്ത് മാത്രമാണ് പ്രവൃത്തി നടത്തുന്നത്. കോണ്‍ക്രീറ്റ് മുറിക്കാന്‍ ഒരു ഡ്രില്ലറും മണ്ണുമാന്തിയന്ത്രവും മാത്രമാണ് നിലവിലുള്ളത്. ഗതാഗത കുരുക്കില്‍പെടുന്ന ഡ്രൈവര്‍മാര്‍ തമ്മിലുള്ള വാക്കേറ്റങ്ങള്‍ നിത്യസംഭവമായ സാഹചര്യത്തില്‍ പ്രവൃത്തിക്ക് വേഗതകൂട്ടണമെന്ന് പൊലീസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.