കെ.എസ്.ടി.പി റോഡ് പ്രവൃത്തിയില്‍ നിര്‍മലഗിരി വരെ ഉള്‍പ്പെടുത്തണമെന്ന്

കൂത്തുപറമ്പ്: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടത്തില്‍ നിര്‍മലഗിരി വരെയുള്ള ഭാഗം ഉള്‍പ്പെടുത്തണമെന്ന് കൂത്തുപറമ്പ് നഗരസഭാ ട്രാഫിക് അവലോകന സമിതി യോഗം ആവശ്യപ്പെട്ടു. 2017 മേയ് മാസത്തോടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായുള്ള കമ്പനി നിര്‍മാണ കരാര്‍ ഏറ്റെടുത്ത ശേഷം പ്രവൃത്തി ഈ മാസം തന്നെ ആരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തലശ്ശേരി മുതല്‍ പൂക്കോട് വരെയുള്ള ആദ്യ റീച്ച് നിര്‍മാണമാണ് ഉടന്‍ ആരംഭിക്കുക. ഇതേസമയം തന്നെ വളവുപാറ മുതല്‍ ഇരിട്ടി വരെയുള്ള ഭാഗത്തെ നിര്‍മാണവും ആരംഭിക്കും. മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ ഉദ്ഘാടനം വരുന്ന മാര്‍ച്ച് അവസാനം നടക്കാനിരിക്കെ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡിന്‍െറ നിര്‍മാണം അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മാണം കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മുടങ്ങിയ നിര്‍മാണം വീണ്ടും ആരംഭിക്കുന്നത്. മലപ്പുറത്തെ ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണത്തിന്‍െറ ഉപകരാര്‍. ആദ്യഘട്ടത്തില്‍ തലശ്ശേരി മേല്‍പാലം മുതല്‍ പൂക്കോട് വരെയുള്ള ഭാഗത്തെയാണ് ഉള്‍പ്പെടുത്തിയത്. പൂക്കോടിന് പകരം കൂത്തുപറമ്പ് ടൗണിനെ പൂര്‍ണമായും ഉള്‍പ്പെടുത്തി നിര്‍മലഗിരി വരെയുള്ള ഭാഗത്തെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഡിവൈഡറിനോടൊപ്പം സ്ട്രീറ്റ് ലൈറ്റ് കൂടി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാനും അവലോകന സമിതി കണ്‍വീനറുമായ കെ. ധനഞ്ജയന്‍, കൂത്തുപറമ്പ് സി.ഐ കെ.പി. സുരേഷ് ബാബു, നിര്‍മാണ കമ്പനി പ്രതിനിധി വി. ജോയി, പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.