ലോക ബഹിരാകാശ വാരാഘോഷ സംസ്ഥാനതല ഉദ്ഘാടനം മാഹിയില്‍

മാഹി: ലോക ബഹിരാകാശ വാരാഘോഷത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, എല്‍.പി.എസ്.സി, ഐ.ഐ.എസ്.യു എന്നിവയുടെ നേതൃത്വത്തില്‍ മാഹി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ച് അറിയാന്‍ യുവതലമുറക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാലയങ്ങളില്‍ സൗജന്യമായി ഈ പദ്ധതി നടത്തുന്നത്. 2016ലെ ലോക ബഹിരാകാശ വാരാഘോഷത്തിന്‍െറ വിഷയം ‘റിമോട്ട് സെന്‍സിങ്- എനാബ്ളിങ് ഒൗര്‍ ഫ്യൂച്ചര്‍’ ആണ്. ഈ സംരംഭത്തിന്‍െറ ഭാഗമായാണ് സ്കൂളുകളില്‍ ലെക്ചര്‍ അറ്റ് സ്കൂള്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പ്രാചീന ഗുരുകല വിദ്യാഭ്യാസത്തിന്‍െറ അഭിനവരൂപമായ മാഹി ജവഹര്‍ നവോദയ വിദ്യാലയം ഉള്‍പ്പെടെയുള്ള നവോദയ വിദ്യാലയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്‍െറ സ്വപ്നപദ്ധതിയാണ്. ഐ.എസ്.ആര്‍.ഒ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ പ്രമുഖരായ ജി.എസ്.എല്‍.വി പ്രോജക്ട് ഡയറക്ടര്‍ ഉമാമഹേശ്വരന്‍, എം. നാരായണന്‍ നമ്പൂതിരിപ്പാട്, ഷീജു ചന്ദ്രന്‍ തുടങ്ങി എട്ട് ശാസ്ത്രജ്ഞന്മാര്‍ ഏകദിന ക്യാമ്പില്‍ പങ്കെടുക്കും. മാഹിയിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ഥികള്‍ സംബന്ധിക്കും. മൂന്നിന് രാവിലെ 10ന് ആര്‍. ഉമാമഹേശ്വരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.വി.എസ് ഡെപ്യൂട്ടി കമീഷണര്‍ എ.വൈ. റെഡ്ഡി അധ്യക്ഷത വഹിക്കും. ഷീജു ചന്ദ്രന്‍, ബി. ബിജു പ്രസാദ്, സി.ആര്‍. ശ്യാംകൃഷ്ണന്‍ തുടങ്ങിയ ശാസ്ത്രജ്ഞര്‍ വിവിധ വിഷയങ്ങളില്‍ സോദ്ദാഹരണ ക്ളാസുകള്‍ നയിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.ഒ. രത്നാകരന്‍, ഡോ. കെ. സജീവന്‍, വി.കെ. രമേഷ്ബാബു എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.