താഴെ ചൊവ്വയില്‍ താല്‍ക്കാലിക ട്രാഫിക് സര്‍ക്ളും ഡിവൈഡറുകളും സ്ഥാപിച്ചു

കണ്ണൂര്‍: താഴെ ചൊവ്വയില്‍ റോഡപകടങ്ങള്‍ കുറക്കുന്നതിന്‍െറ ഭാഗമായി താല്‍ക്കാലിക ട്രാഫിക് സര്‍ക്ളും ഡിവൈഡറും സ്ഥാപിച്ചു. കഴിഞ്ഞദിവസം എസ്.എന്‍ കോളജ് വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചതിനെ തുടര്‍ന്ന് രൂപവത്കരിച്ച കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്. റെയില്‍വേ ഗേറ്റ്, ആറ്റടപ്പ റോഡ്, ചാല ബൈപാസ് എന്നിവ സംഗമിക്കുന്ന ജങ്ഷനിലാണ് താല്‍ക്കാലിക സര്‍ക്ള്‍ ഒരുക്കിയിരിക്കുന്നത്. ഈ ഭാഗത്തുതന്നെ ട്രാഫിക് പൊലീസിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഡറുകളും സ്ഥാപിച്ചിട്ടുണ്ട്. ഗേറ്റിനു സമീപവും ബൈപാസിന്‍െറ വശങ്ങളിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പഴയ ടാക്സി സ്റ്റാന്‍ഡിനു സമീപത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കി. ടാക്സി സ്റ്റാന്‍ഡിനു സമീപത്തെ കാടും മറ്റും വൃത്തിയാക്കിയതിനുശേഷമാണ് പാര്‍ക്കിങ് സ്ഥലം ഒരുക്കിയത്. താഴെചൊവ്വ ബ്രദേഴ്സ് ക്ളബ്, സ്റ്റുഡന്‍റ്സ് ട്യൂഷന്‍ സെന്‍ററിലെ കുട്ടികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കിയത്. താഴെചൊവ്വയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നീക്കം ചെയ്ത് റോഡ് പൂര്‍ണമായി ഗതാഗതത്തിന് ലഭ്യമാക്കും. കോര്‍പറേഷന്‍െറ അനുമതിയില്ലാതെയാണ് ഇവിടെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. തട്ടുകടകളില്‍ ഭക്ഷണം കഴിക്കാനത്തെുന്നവര്‍ വാഹനങ്ങള്‍ റോഡില്‍ തന്നെ നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്. ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, കൗണ്‍സിലര്‍മാരായ എസ്. ഷഹീദ, എം. രാജീവന്‍, ടി. പ്രേമി, കമ്മിറ്റി അംഗങ്ങളായ തമ്പാന്‍ മാസ്റ്റര്‍, രവി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.