ഗാന്ധിജയന്തി വാരാഘോഷം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തിലുള്ള ഗാന്ധിജയന്തി വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് കലക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി ശുചീകരിക്കുന്നതിന് ഇന്ന് തുടക്കമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹായത്തോടെയാണ് കലക്ടറേറ്റ് ശുചീകരണം നടത്തുന്നത്. ഇതിന്‍െറ ഭാഗമായി വേങ്ങാട് ഊര്‍പ്പള്ളി കല്ലിക്കുന്ന് മഠത്തില്‍ കുളവും കീഴത്തൂര്‍ പഞ്ചായത്ത് കുളവും ഇന്ന് ശുചീകരിക്കും. വേങ്ങാട് ഗ്രാമപഞ്ചായത്തിന്‍െറ സഹായത്തോടെ നടത്തുന്ന കുളം ശുചീകരണ പ്രവര്‍ത്തനം ഉച്ച രണ്ടിന്് ആരംഭിക്കും. വേങ്ങാട് ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂനിറ്റും 31 എ കേരള ബറ്റാലിയന്‍ കണ്ണൂര്‍ എന്‍.സി.സി കാഡറ്റുമാരും നാട്ടുകാരും സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. തുടര്‍ന്ന് വൈകീട്ട് 4.30ന് ഊര്‍പ്പള്ളി കുളം പരിസരത്ത് സാംസ്കാരിക സദസ്സും കലാപരിപാടികളും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി, ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ മൂസ എരഞ്ഞോളി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പത്മനാഭന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. അനിത തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി 4.30ന് മൊടപ്പത്തി നാരായണന്‍ അവതരിപ്പിക്കുന്ന മഴക്കൊയ്ത്ത്-ഏകപാത്ര നാടകം, ഗാനവിരുന്ന് എന്നിവ അരങ്ങേറും. ക്ളീന്‍ കലക്ടറേറ്റ് പദ്ധതിയുടെ ആദ്യപടിയായി ഇവിടെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യും. ഭാവിയില്‍ മാലിന്യങ്ങള്‍ കുന്നുകൂടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ശുചിത്വമിഷനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി എല്ലാ ഓഫിസുകളിലും ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക് സാധനങ്ങള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ വെവ്വേറെ ശേഖരിക്കുന്നതിനായി പ്രത്യേകം ബക്കറ്റുകള്‍ സ്ഥാപിക്കും. എല്ലാ ദിവസവും ഓഫിസുകളിലെ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കലക്ടറേറ്റിലെ ചോര്‍ന്നൊലിക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായി കെട്ടിടങ്ങള്‍ നവീകരിക്കുകയും വൃത്തിഹീനമായിക്കിടക്കുന്ന ടോയ്ലറ്റുകള്‍ ഉടന്‍ നവീകരിക്കുകയും ചെയ്യും. ക്ളീന്‍ കലക്ടറേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ഇന്നലെ വകുപ്പു മേധാവികളുടെ യോഗം ചേര്‍ന്നു. വിദ്യാഭ്യാസ, ആരോഗ്യ, എക്സൈസ്, തദ്ദേശ സ്ഥാപന വകുപ്പുകള്‍, ശുചിത്വ മിഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.