മാഹി: വിലക്കയറ്റം രൂക്ഷമാകുമ്പോഴും വളരെ തുച്ഛമായ വേതനത്തില്‍ ദുരിതജീവിതം നയിക്കുകയാണ് ഒരുപറ്റം തൊഴിലാളികള്‍. മാസത്തില്‍ 2000 രൂപയോളം മാത്രം വേതനം ലഭിക്കുന്ന ജോലിചെയ്യുന്നവര്‍ മാഹിയിലെ പള്ളൂരിലാണുള്ളത്. പള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന മാഹി ഹാന്‍ഡ്ലൂം വീവേഴ്സ് കോഓപറേറ്റിവ് സൊസൈറ്റിയിലെ 23 ജീവനക്കാരാണ് ജീവിതത്തിന്‍െറ രണ്ടറ്റം തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നത്. 18 സ്ത്രീകളും അഞ്ചു പുരുഷന്മാരുമാണ് നെയ്ത്തുകേന്ദ്രത്തിലെ ജീവനക്കാര്‍. ദിവസം മുഴുവന്‍ വിശ്രമമില്ലാതെ നെയ്ത് ജോലിചെയ്താല്‍ ഇവര്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് 60 രൂപയോളം മാത്രം. ഒരു ദിവസത്തെ മീന്‍ വാങ്ങാന്‍പോലും തികയാത്തതാണ് ഈ വേതനമെന്ന് ഇവര്‍ പരിതപിക്കുന്നു. വിവിധതരത്തിലുള്ള തോര്‍ത്തുകളും ബെഡ്ഷീറ്റുകളുമാണ് ഇവിടെ നിര്‍മിക്കുന്നത്. തോര്‍ത്തിന്‍െറയും ബെഡ്ഷീറ്റിന്‍െറയും വലുപ്പത്തിനും വില്‍പന വിലയ്ക്കുമനുസരിച്ച് ഓരോന്നിനും നിശ്ചിത കൂലി നിശ്ചയിച്ചിട്ടുണ്ട്. 65 രൂപ വിലയുള്ള തോര്‍ത്ത് നെയ്താല്‍ ഇവര്‍ക്ക് ലഭിക്കുന്നത് 14 രൂപ 65 പൈസയാണ്. എത്ര കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിച്ചാലും ബോണസ് പരിധി 25,000 രൂപയായി നിശ്ചയിച്ചതിനാല്‍ ഇതിന്‍െറ നാലിലൊന്നായ 75,000 രൂപ മാത്രമേ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ. മഴക്കാല അലവന്‍സായി ലഭിക്കുന്നത് 750 രൂപയും. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ 2100 രൂപയാണ്. ലീവ് ആനുകൂല്യങ്ങളോ ഡി.എയോ ഇവര്‍ക്ക് ലഭിക്കുന്നില്ല. സഹകരണസ്ഥാപനമായി രജിസ്റ്റര്‍ ചെയ്ത നെയ്ത്തുകേന്ദ്രം പുതുച്ചേരി പോണ്ടക്സിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനമാണ് ഇവര്‍ക്ക് നൂലുകളും മറ്റും നല്‍കുന്നതും ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതും. ദീര്‍ഘകാലമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്ലാതെ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. 1977ലാണ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയത്. 36 വര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന തിരുവങ്ങാടന്‍റവിട എകരത്ത് വീട്ടില്‍ പ്രദീപനും വടക്കന്‍ വിജയനും പത്തുപതിനഞ്ച് വര്‍ഷമായി ജോലിചെയ്യുന്ന കോട്ടേന്‍റവിട ബീനയും ഗുരുസിപ്പറമ്പത്ത് സീനയും കൊയ്യോട്ട്തെരു, ജീത്തുസില്‍ ശ്യാമളയും അവരുടെ ദുരിതജീവിതത്തിന്‍െറ കഥ പറയുമ്പോള്‍ വിതുമ്പുന്നുണ്ടായിരുന്നു. സ്കൂളുകളില്‍ പഠിക്കുന്ന മക്കളുടെ ചെറിയ ആവശ്യങ്ങള്‍ക്കുപോലും പരിഹാരം കാണാന്‍ കഴിയാത്ത അമ്മമാരോട് മക്കള്‍ ചോദിക്കുന്നു... ‘അമ്മ എന്തിനാണീ ജോലിക്ക് പോകുന്നത്...’? ജീവിതം നെയ്ത്തുകേന്ദ്രത്തില്‍ കുടുങ്ങിപ്പോയ നിസ്സഹായതയിലാണ് ജീവനക്കാര്‍. മന്ത്രിമാരുള്‍പ്പെടെയുള്ള അധികാരകേന്ദ്രങ്ങളിലെല്ലാം ഒട്ടേറെ തവണ പരാതികളും പരിദേവനങ്ങളും സമര്‍പ്പിക്കപ്പെട്ടിട്ടും ആരും കനിയുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ യൂനിയനുകളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അവരും തിരിഞ്ഞുനോക്കുന്നില്ല. ചോര്‍ച്ചയുള്ള കെട്ടിടത്തിലാണ് 23 തറികളും മഗ്ഗവുമെല്ലാം പ്രവര്‍ത്തിക്കുന്നത്. എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഉന്നതതലത്തില്‍ വകുപ്പ് മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും ശ്രദ്ധയില്‍പെടുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.