കണ്ണൂര്‍: ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ഹരിതകേരള മിഷന്‍ സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ചേംബറില്‍നിന്ന് മിഷന്‍ ജില്ലതല കമ്മിറ്റി അംഗങ്ങളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താണ് പദ്ധതികള്‍ നടപ്പാക്കേണ്ടത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന പരിപാടികളില്‍ കൃഷി വ്യാപനം, ജല സംരക്ഷണം, ശുചിത്വം, പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ സംസ്കരണം, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. പുതുതലമുറയില്‍ ഈ സന്ദേശം എത്തിക്കുന്നതിനായി വിദ്യാലയതലത്തില്‍ കര്‍മപദ്ധതികള്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സ്കൂളുകള്‍, കോളജുകള്‍, വ്യവസായ ശാലകള്‍, ആരാധനാലയങ്ങള്‍, ആശ്രമങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, വിവിധ ക്ളബുകള്‍, വായനശാലകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ മേഖലകളിലുള്ളവരെയും സഹകരിപ്പിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള പദ്ധതികളാണ് ഹരിതകേരള മിഷനിലുള്‍പ്പെടുത്തേണ്ടത്. ഡിസംബര്‍ എട്ടിന് മിഷന്‍െറ തുടക്കം മാത്രമാണെന്നും പദ്ധതികളുടെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിന് ജില്ലതലത്തില്‍ പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പരിപാടിയായി ഡിസംബര്‍ എട്ടിലെ മിഷന്‍ ഉദ്ഘാടനം മാറണം. അതിനായി നവമാധ്യമങ്ങളിലടക്കം വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. നവകേരള മിഷന്‍െറ ഭാഗമായുള്ള മറ്റു പദ്ധതികള്‍ താമസിയാതെ തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വാര്‍ഡ് തലത്തിലും ഡിസംബര്‍ എട്ടിന് പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മിഷന്‍ ജില്ലതല കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ളി വിളിച്ചുചേര്‍ക്കും. ഓരോ തദ്ദേശ സ്ഥാപനവും വാര്‍ഡ്തലത്തില്‍ മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഡിസംബര്‍ രണ്ടിന് മുമ്പായി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. മിഷനുമായി ബന്ധപ്പെട്ട അവലോകന യോഗം ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് കലക്ടറേറ്റില്‍ ചേരും. കലക്ടറേറ്റ് വിഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യന്നൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സത്യപാലന്‍, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ പി.കെ. ശ്യാമള ടീച്ചര്‍, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ശ്രീകണ്ഠപുരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. മുനീര്‍, അസിസ്റ്റന്‍റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, മേയറുടെ പ്രതിനിധി എം. സുകുമാരന്‍, കെ.പി. ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.