തലശ്ശേരി ഒരുങ്ങി വിശപ്പുരഹിത പട്ടണമാകാന്‍

തലശ്ശേരി: പുതുവര്‍ഷപ്പിറവി മുതല്‍ തലശ്ശേരി പൈതൃകനഗരിയെ വിശപ്പു രഹിതമാക്കാന്‍ നഗരസഭ പദ്ധതിക്ക് രൂപംനല്‍കി. അടുത്ത ജനുവരി ഒന്ന് മുതല്‍ എല്ലാവര്‍ക്കും ഒരുനേരത്തെ ആഹാരമെങ്കിലും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് തലശ്ശേരി നഗരസഭ നടപ്പാക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്‍റ് അസോസിയേഷന്‍െറയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് നൂതനപദ്ധതി നടപ്പാക്കുന്നത്. ഭിക്ഷാടകര്‍, അനാഥര്‍, മനോനിലതെറ്റിയവര്‍ തുടങ്ങി നിരവധിപേര്‍ നഗരത്തില്‍ ഒരു നേരത്തെ ആഹാരംപോലുമില്ലാതെ വലയുന്നുണ്ട്. ഇവര്‍ക്ക് നഗരത്തിലെ ഹോട്ടലുകളില്‍ എല്ലാദിവസവും ഉച്ചഭക്ഷണം ലഭിക്കുംവിധമാണ് പദ്ധതിക്ക് രൂപംനല്‍കിയിട്ടുള്ളത്. ഓരോ ഹോട്ടലില്‍നിന്നും രണ്ടു മൂന്നുപേര്‍ക്ക് ഭക്ഷണം നല്‍കും. പദ്ധതി മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ഓരോ ഹോട്ടലിലും ധനസമാഹരണത്തിന് പെട്ടി സ്ഥാപിക്കും. വിശപ്പുരഹിത നഗരം പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് ഈ പെട്ടിയില്‍ തുക നിക്ഷേപിക്കാം. ഇതിനുപുറമെ ഏതാനും സന്നദ്ധസംഘടനകളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ സി.കെ. രമേശന്‍ പറഞ്ഞു. ഭക്ഷണത്തിന് പ്രത്യേക കൂപ്പണ്‍ ഏര്‍പ്പാട് ചെയ്യാനാണ് ആലോചിക്കുന്നത്. മദ്യപിച്ചത്തെുന്നവര്‍ക്ക് കൂപ്പണ്‍ നല്‍കില്ല. ഒരുനേരത്തെ ഭക്ഷണം കഴിക്കാന്‍ വകയില്ലാത്ത തികച്ചും അര്‍ഹരായവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നൂറ്റമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന തലശ്ശേരി നഗരസഭ നടപ്പാക്കുന്ന വേറിട്ട പരിപാടികളില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നതാണ് വിശപ്പുരഹിത പട്ടണം പദ്ധതി. ഒന്നാം ക്ളാസ് ഒന്നാന്തരമാക്കല്‍, ചുവരുകളില്‍ പൈതൃക ചിത്രരചന തുടങ്ങിയ ശ്രദ്ധേയപദ്ധതികള്‍ക്ക് തുടര്‍ച്ചയായാണ് സമൂഹത്തിന്‍െറ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് ഒരുനേരത്തെ ഭക്ഷണമത്തെിക്കാനുള്ള പരിശ്രമം. ആരോരുമില്ലാത്ത, വോട്ടര്‍പട്ടികയിലോ റേഷന്‍കാര്‍ഡിലോ ഇടമില്ലാത്ത നഗരത്തിലെ പുറമ്പോക്കുകളില്‍ കഴിയുന്ന മനുഷ്യരെ പരിഗണിക്കുന്നുവെന്നതാണ് പദ്ധതിയെ മേന്മയുള്ളതാക്കുന്നത്. നാടാകെ കൈകോര്‍ത്താല്‍ ഒരുനേരത്തെ ഭക്ഷണം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന പട്ടണമെന്ന ഖ്യാതിയിലേക്ക് തലശ്ശേരി ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.