കണ്ണൂരില്‍ ഹര്‍ത്താല്‍ ബന്ദായി

കണ്ണൂര്‍: എല്‍.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയില്‍ ബന്ദായി. നഗരത്തിലുള്‍പ്പെടെ മുഴുവന്‍ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ചുരുക്കംചില സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള ചില കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയ ബാങ്കുകള്‍ തുറന്നതല്ലാതെ ഇടപാട് നടത്താവുന്നത്ര ജീവനക്കാരുണ്ടായില്ല. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. യു.ഡി.എഫ് നേതൃത്വത്തില്‍ നോട്ട് നിരോധനത്തിനെതിരെ മൗനജാഥയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗാന്ധിസര്‍ക്കിളില്‍ ശയന പ്രതിഷേധവും സംഘടിപ്പിച്ചു. തലശ്ശേരി: ഹര്‍ത്താല്‍ തലശ്ശേരി മേഖലയില്‍ പൂര്‍ണമായിരുന്നു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ ബസുകളും സര്‍വിസ് നടത്തിയില്ല. ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നഗരത്തിലെ വിവിധ ബാങ്കുകള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു. എസ്.ബി.ഐ, എസ്.ബി.ടി ബാങ്കുകളില്‍ ധാരാളം ഇടപാടുകാര്‍ എത്തിയിരുന്നു. മറ്റ് ബാങ്കുകളില്‍ കുറഞ്ഞ ഇടപാടുകാര്‍ മാത്രമാണ് എത്തിയത്. എല്‍.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ രാവിലെ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച പ്രകടനം ഒ.വി റോഡ്, പഴയ ബസ്സ്റ്റാന്‍ഡ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ്സ്റ്റാന്‍ഡില്‍തന്നെ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ എം.സി. പവിത്രന്‍, എ.എന്‍. ഷംസീര്‍ എം.എല്‍.എ, പ്രദീപ് പുതുക്കുടി, സി.പി. ഷൈജന്‍, വാഴയില്‍ വാസു, കാത്താണ്ടി റസാക്ക്, സി.എം. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ്: ഹര്‍ത്താല്‍ തളിപ്പറമ്പിലും പരിസരങ്ങളിലും പൂര്‍ണമായിരുന്നു. മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെ കടകളൊന്നും തുറന്നു പ്രവര്‍ത്തിച്ചില്ല. ബാങ്കുകള്‍ എല്ലാം പതിവുപോലെ പ്രവര്‍ത്തിച്ചെങ്കിലും മറ്റ് ഓഫിസുകളിലെല്ലാം ഹാജര്‍നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. റോഡില്‍ ഇരുചക്ര സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്. കൂത്തുപറമ്പ്: ഹര്‍ത്താല്‍ കൂത്തുപറമ്പ് മേഖലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. അപൂര്‍വം സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിച്ചത്. ബാങ്കുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും തിരക്ക് കുറവായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. പഴയങ്ങാടി: ഹര്‍ത്താല്‍ പഴയങ്ങാടിയില്‍ പൂര്‍ണം. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളും മരുന്നു കടകളും അടഞ്ഞുകിടന്നു. ഏഴോം, ചെറുകുന്ന്, അടുത്തില, നെരുവംമ്പ്രം പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. എന്നാല്‍ പുതിയങ്ങാടി, മാട്ടൂല്‍ പ്രദേശങ്ങളില്‍ ഹര്‍ത്താലിന് ഭാഗിക പ്രതികരണംപോലുമുണ്ടായില്ല. മാഹി:കേരളത്തില്‍ നടന്ന ഹര്‍ത്താലിന്‍െറ ഭാഗമായി മാഹിയിലും ഹര്‍ത്താല്‍ നടന്നു. മദ്യഷാപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മാഹിയില്‍നിന്നുള്ള സഹകരണ-സര്‍ക്കാര്‍ ബസുകളും ഓടിയില്ല. ബാങ്കുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. കേളകം: കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍, പേരാവൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകള്‍ അടഞ്ഞത് ഇതരസംസ്ഥാന തൊഴിലാളികളെ വലച്ചു. പയ്യന്നൂര്‍: പയ്യന്നൂരും പരിസരങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ അപൂര്‍വമായി റോഡിലിറങ്ങി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഓഫിസുകളും വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ തുറന്നിരുന്നുവെങ്കിലും ജീവനക്കാര്‍ കുറവായിരുന്നു. ഇരിട്ടി: ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണം. കടകമ്പോളങ്ങളും പെട്ടിക്കടകളും അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഓടാത്തതിനാല്‍ ഇരിട്ടി ഉള്‍പ്പെടെ മലയോരത്തെ ടൗണുകള്‍ വിജനമായിരുന്നു. ബാങ്കുകള്‍ തുറന്നുവെങ്കിലും വാഹനസൗകര്യമില്ലാത്തതിനാല്‍ ഇടപാടുകള്‍ വിരളമായിരുന്നു. ഹര്‍ത്താല്‍ അറിയാതെ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും മറ്റും എത്തിയ ചരക്കുലോറികള്‍ സംസ്ഥാനാതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിനടുത്ത് നിര്‍ത്തിയിട്ടു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. ശ്രീകണ്ഠപുരം: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മലയോരത്തടക്കം ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സിയടക്കം വാഹനസര്‍വിസുണ്ടായില്ല. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊന്നും മലയോര മേഖലയില്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫിസുകളും തുറന്നില്ല. ബാങ്കുകളെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയെങ്കിലും ജീവനക്കാര്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ പല ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചില്ല. ചില ബാങ്കുകള്‍ നാമമാത്രമായി തുറന്നുവെങ്കിലും ഇടപാടുകാരില്ലാത്തതിനാല്‍ വേഗത്തില്‍ പൂട്ടേണ്ടിയും വന്നു. ശ്രീകണ്ഠപുരം, ചെങ്ങളായി, പയ്യാവൂര്‍, ചുഴലി, മലപ്പട്ടം, ചെമ്പേരി, ഏരുവേശി, ചന്ദനക്കാംപാറ, കുടിയാന്മല, ഇരിക്കൂര്‍, ഉളിക്കല്‍, ആലക്കോട്, ഉദയഗിരി മേഖലകളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മിക്ക ടൗണുകളിലും പൊലീസ് കാവലുണ്ടായിരുന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.