മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കുന്നത് നിശ്ശബ്ദ വികസനവിപ്ളവം –മന്ത്രി ജി.സുധാകരന്‍

പാപ്പിനിശ്ശേരി: ഏറ്റവും നല്ല വികസന കാഴ്ചപ്പാടുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിവരുന്നത് നിശ്ശബ്ദമായ വികസന വിപ്ളവമാണെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അരോളി ഗവ. ഹൈസ്കൂളില്‍ കെ.എം. ഷാജി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ബഹുനിലകെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍െറ നേതൃത്വത്തില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനാവശ്യ കോലാഹല പ്രചാരണങ്ങള്‍ നല്‍കേണ്ടതില്ല. സമൂഹത്തിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള മാതൃകാപരമായ വികസനപ്രവര്‍ത്തനങ്ങളാണ് താഴെതട്ടില്‍ എത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ അധികാരത്തിലത്തെി ആറു മാസത്തിനുള്ളില്‍തന്നെ രണ്ടേകാല്‍ ലക്ഷം ശൗചാലയങ്ങളാണ് സര്‍ക്കാര്‍ നിര്‍മിച്ചത്. അതോടൊപ്പം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്ന നടപടിയും പുരോഗമിച്ചുവരുകയാണ്. എല്ലാവര്‍ക്കും വീട് എന്ന സ്വപ്നസാക്ഷാത്കാരത്തിനുള്ള നിരവധി പദ്ധതികളും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറെടുത്തുവരുന്നു. പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥയാണ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പെരുകാന്‍ കാരണമായത്. എന്നാല്‍, ഇന്ന് ആ പരിതാപകരമായ അവസ്ഥ മാറി. പൊതുവിദ്യാലയങ്ങളെല്ലാം ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളോടെ മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയര്‍ന്നുവരുകയാണ്. അതിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. മുന്‍ മന്ത്രി. ഇ.പി. ജയരാജന്‍ മുഖ്യ അതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ഉപഹാരങ്ങള്‍ നല്‍കി. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ വിജയലക്ഷ്മി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം. ഷാജി എം.എല്‍.എ, പി.പി. ഷാജിര്‍, പി.പി. ദിവ്യ, ടി. വേണുഗോപാലന്‍, എ. മഹേഷ്, സി. റീന, എം. പ്രസന്നകുമാരി, എം. കൃഷ്ണദാസ്, വി.വി. പുരുഷോത്തമന്‍, എല്‍.വി. മുഹമ്മദ്, കെ.പി. വത്സലന്‍, പി. ചന്ദ്രന്‍, സി.പി. മുസ്തഫ, ടി. അജയന്‍, സി.പി. റഷീദ്, ഇ. രാധാകൃഷ്ണന്‍, കെ.പി.വി. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.