ഇ.പി. ജയരാജന്‍ പാര്‍ട്ടിക്ക് വഴങ്ങി

കണ്ണൂര്‍: പാര്‍ട്ടി ഘടകങ്ങളില്‍നിന്നും അസംബ്ളി മണ്ഡലത്തില്‍നിന്നും തല്‍ക്കാലം മാറിനില്‍ക്കുമെന്ന പുകമറയുണ്ടാക്കി നേതൃത്വത്തെ വെട്ടിലാക്കാന്‍ നോക്കിയ ഇ.പി. ജയരാജന്‍ വ്യാഴാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തതിന്‍െറ തുടര്‍ച്ചയായി വെള്ളിയാഴ്ച പൊതുപരിപാടിയില്‍ പങ്കെടുത്തു. സ്വന്തം നാടായ പാപ്പിനിശ്ശേരി കീച്ചേരിയില്‍ കൂത്തുപറമ്പ് വെടിവെപ്പ് അനുസ്മരണ പരിപാടിയാണ് അദ്ദേഹം ഉദ്ഘാടനംചെയ്തത്. നേരത്തേ നിശ്ചയിച്ച പരിപാടിയിലും നോട്ടിസുകളിലും ഇ.പി. ജയരാജന്‍െറ പേരുണ്ടായിരുന്നില്ല. തമിഴ്നാട് ഡി.വൈ.എഫ്.ഐ സെക്രട്ടറി ബാല പരിപാടി ഉദ്ഘാടനംചെയ്യുമെന്നായിരുന്നു നോട്ടിസിലും ഞായറാഴ്ച ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തയിലും പറഞ്ഞിരുന്നത്. എന്നാല്‍, ജില്ലയില്‍ ഏറ്റവും പ്രധാന ചടങ്ങ് നടന്ന കൂത്തുപറമ്പില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറമെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയും പി. ജയരാജനും ഉള്‍പ്പെടെ പങ്കെടുത്തുവെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് അവസരം നല്‍കിയിരുന്നില്ല. ജയരാജന്‍െറ മണ്ഡലമായ മട്ടന്നൂരിലും നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ സ്ഥലം എം.എല്‍.എ കൂടിയായിട്ടും ഉള്‍പ്പെടുത്തിയിരുന്നില്ല. താന്‍ ഇനി ഒതുങ്ങിക്കഴിയുമെന്ന് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയ പ്രത്യേക നിയമസഭ സമ്മേളനത്തിലും എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുക്കാതെ നാട്ടിലത്തെിയ ജയരാജനോട് വ്യാഴാഴ്ച സെക്രട്ടേറിയറ്റില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സെക്രട്ടേറിയറ്റിന്‍െറ നിര്‍ദേശമനുസരിച്ചാണ് പാപ്പിനിശ്ശേരിയിലെ പരിപാടിയില്‍ നേരത്തേ ഉദ്ഘാടകനായി നിശ്ചയിച്ച തമിഴ്നാട് ഡി.വൈ.എഫ്.ഐ നേതാവിനെ പ്രാസംഗികനാക്കിയാണ് ജയരാജനെ ഉദ്ഘാടകനാക്കിയത്. വൈകീട്ട് വീടിന് സമീപത്തെ അരോളി സ്കൂളില്‍ മന്ത്രി സുധാകരന്‍ പങ്കെടുത്ത പരിപാടിയിലും ജയരാജന്‍ പങ്കെടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.