ട്രിപ്പ് മുടക്കുന്ന ബസുകള്‍ക്ക് പിടിവീഴും

കണ്ണൂര്‍: കണ്ണൂരിലും പരിസരപ്രദേശങ്ങളിലും ബസുകള്‍ രാത്രികാലങ്ങളിലും ഞായറാഴ്ചകളിലും അനധികൃതമായി ട്രിപ്പ് മുടക്കുന്നതിനെതിരെ കര്‍ശന നടപടികളെടുക്കും. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പരിമിതമായ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍ സര്‍വിസ് മുടക്കുന്നത് സാധാരണക്കാരായ ആളുകളെ ഏറെ ദുരിതത്തിലാക്കുന്നതായി കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കുടുവന്‍ പദ്മനാഭന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് വികസനസമിതി യോഗത്തിലുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ബസുടമകളുടെ സംഘടനകളെയും മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തത്. പലപ്പോഴും രാത്രികാലങ്ങളില്‍ നഗരത്തില്‍ കുടുങ്ങിപ്പോകുന്ന സാഹചര്യമുണ്ടാകുന്നു. അനധികൃതമായി ട്രിപ്പ് മുടക്കുന്നതുകാരണം രാത്രി ഏഴിനുശേഷം നഗരത്തിലേക്ക് ബസുകള്‍ കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് തഹസില്‍ദാര്‍ വി.എം. സജീവന്‍ പറഞ്ഞു. അവശ്യ സര്‍വിസ് എന്നനിലക്ക് ലാഭനഷ്ടങ്ങളുടെ കണക്കുനോക്കി ട്രിപ്പുകള്‍ മുടക്കുന്നത് ശരിയല്ളെന്ന് താലൂക്ക് വികസനസമിതി അംഗം സി.എച്ച്. ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വന്തമായി വാഹനങ്ങളില്ലാത്ത സാധാരണക്കാരാണ് പലപ്പോഴും ബസുകളുടെ അനധികൃത പ്രവൃത്തിമൂലം കഷ്ടപ്പെടുന്നതെന്ന് ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ബസില്‍ യാത്രക്കാര്‍ കുറയുന്നുവെന്ന വാദം ശരിയാണെങ്കിലും ഇടക്കിടെ സര്‍വിസ് മുടക്കുന്നത് ഇതിനൊരു കാരണമാകുന്നുണ്ട്. സര്‍വിസ് നടത്തുമെന്ന് ഉറപ്പുള്ള ബസുകള്‍ക്കുവേണ്ടി ആളുകള്‍ എത്രനേരവും കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബസ് റൂട്ടുകളില്‍ സ്റ്റോപ്പുകളിലും ജങ്ഷനുകളിലും നിന്ന് ആളുകളെയെടുത്ത് സമാന്തര സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ വ്യക്തമാക്കി. പെര്‍മിറ്റ് എടുത്ത റൂട്ടുകളില്‍ ഭാഗികമായി മാത്രം സര്‍വിസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും നിലപാട് തുടര്‍ന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളുടെ അമിതവേഗം, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ് എന്നിവ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ വി.ജെ. സെബാസ്റ്റ്യന്‍, ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ രാജ്കുമാര്‍, ചെറുകിട ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.വി. വത്സലന്‍, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.