സ്കൂളുകള്‍ ഹൈടെക് ആകുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, സെക്കന്‍ഡറി സ്കൂളുകള്‍ ഹൈടെക് ആകുന്നു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസ്മുറികളും ഐ.ടി ലാബുകളും ഹൈടെക്കാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഹൈടെക്കാക്കുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ സര്‍വേയില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ജില്ലയുടെ വിവിധകേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐ.ടി കോഓഡിനേറ്റര്‍മാരുടെ ശില്‍പശാലയില്‍ വിഡിയോ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐ.ടി അറ്റ് സ്കൂളിന്‍െറ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ ലാബ്, ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ്, ക്ളാസ്മുറികളില്‍ ലാപ്ടോപ്-പ്രോജക്ടര്‍-ശബ്ദസംവിധാനം, നെറ്റ്വര്‍ക്കിങ് എന്നിവ ഏര്‍പ്പെടുത്തും. എന്നാല്‍, ഇതിന് സജ്ജമാക്കുന്നവിധം ക്ളാസ്മുറികളും ലാബും സുരക്ഷിതമാക്കല്‍, പെയിന്‍റിങ്, പൊടിശല്യമില്ലാത്ത ക്ളാസ്മുറികള്‍ സജ്ജീകരിക്കല്‍, സുരക്ഷിതമായ വൈദ്യുതീകരണം, മേല്‍ക്കൂരകള്‍ എന്നിവ അതത് സ്കൂളുകള്‍ പൂര്‍ത്തിയാക്കണം. ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പി.ടി.എ, പൂര്‍വവിദ്യാര്‍ഥികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹായത്തോടെ ഇത് ചെയ്യാം. മുഴുവന്‍ അധ്യാപകര്‍ക്കും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരിശീലനം, എല്ലാ വിഷയങ്ങള്‍ക്കും ഐ.സി.ടി ഉപയോഗിച്ച് പഠിപ്പിക്കാനുള്ള പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വിന്യാസം, വിഭവ പോര്‍ട്ടലുകള്‍, ഇ-ഗവേണന്‍സ് അധിഷ്ഠിത മോണിറ്ററിങ്, ഇ-ലേണിങ്, എം-ലേണിങ് തുടങ്ങിയ അക്കാദമിക പ്രവര്‍ത്തനങ്ങളും ഹൈടെക് സ്കൂള്‍ പ്രോജക്ടിന്‍െറ ഭാഗമായി നടപ്പാക്കും. ഡിസംബര്‍ അഞ്ചിന് മുമ്പാണ് സ്കൂളുകള്‍ ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കേണ്ടത്. ആദ്യം സജ്ജമാകുന്ന സ്കൂളുകളും ക്ളാസ്മുറികളുമാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ജില്ല റിസോഴ്സ് സെന്‍റര്‍, ഐ.ടി അറ്റ് സ്കൂള്‍ കണ്ണൂര്‍, ബി.ഇ.എം.പി.എച്ച്.എസ് തലശ്ശേരി, സീതി സാഹിബ് എച്ച്.എസ്.എസ് തളിപ്പറമ്പ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശീലനം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.